തുളകൾ ************* (കവിത,രോഷ്‌നി സ്വപ്ന)


പണ്ട്‌ ഞാൻ 
മരിച്ചവരോട്‌ മാത്രമായിരുന്നു സംസാരിച്ചിരുന്നതു.
കവിതകളെക്കുറിച്ചും 
പാട്ടുകളെക്കുറിച്ചും മാത്രം

മരിച്ചവരാണു എനിക്ക്
ഒച്ചകൾ  തന്നത്‌
മണ്ണിന്റെ ഏറ്റവും ആഴങ്ങളിൽ നിന്ന്
പരുന്തിൻ കുഞ്ഞുങ്ങൾ ഒളിച്ചിരിക്കുന്ന
മുട്ടകൾക്കുള്ളിലെ തണുപ്പു തന്നതു.
കണ്ണുകൾ,കിലുങ്ങുന്ന
മഴകൾ...
വിരൽപ്പാടു പതിഞ്ഞ മൺതിട്ടകൾ.
പ്രണയികൾ കിടന്ന് 
പതുങ്ങിപ്പോയ പുൽത്തലപ്പുകൾ.
എല്ലാം....

ജീവിതത്തെക്കുറിച്ച്‌ ഒർമ്മിപ്പിക്കരുതേ....എന്ന്
അവർ
ഒച്ച താഴ്ത്തിപ്പറഞ്ഞിരുന്നു.

വാക്കു പാലിക്കാൻ 
എനിക്ക്‌ കഴിഞ്ഞില്ല.

മരിച്ചവർ 
അവരുടെ നാട്ടിലേക്ക്‌ തിരിച്ചുപോയി.
എന്റെ കാതുകളിൽ 
ശബ്ദം നിലച്ചു.
എന്റെ വിരലുകളിലേക്ക്‌ നിറങ്ങൾ കലരാതായി.
തൊണ്ടയിൽ നിന്ന് 
ശബ്ദം....പാട്ട്‌...
എവിടേക്കോ ഇറങ്ങിപ്പോയി.

ഒട്ടകപ്പക്ഷിയെപ്പോലെ 
ഞാൻ എന്നിലേക്ക്‌ തലപൂഴ്ത്തി.

ഇലകൾ
വേരികളിലും
വേരുകൾ ചില്ലകളിലും തളിർക്കുന്നത്‌
ഞാൻ സ്വപ്നം കണ്ടു.
ചിത്രങ്ങൾക്കു പകരം
നിറങ്ങളെന്റെ ഉറക്കത്തെ മൂടി.

ഞാൻ നിലവിളിക്കാൻ 
മറന്നു പോയിരുന്നു.
ഭൂമിയിലെ വൃക്ഷങ്ങൾ ചാഞ്ഞു വന്ന്
ഒരു മുത്തശ്ശിയുടെ കൈകൾ
പോലെ എന്നെ വരിഞ്ഞു.
ഞാൻ അനക്കം നഷ്ട പ്പെട്ടവളായിരുന്നു.
ഭൂമിയിലെ എല്ലാ കൊലപാതകങ്ങളും
ഞാനാണു ചെയ്തത്‌ എന്ന്
ഞാൻ വിശ്വസിച്ചു.

എന്റെ ഉടൽ കഷ്ണങ്ങളായി
അറു ത്തെടുത്ത്‌
ഭൂമിയിലെ തുളകൾ
ഞാൻ അടക്കാനാരംഭിച്ചു.

Popular Posts