പൊട്ടിച്ചൂട്ട്‌









മുട്ടറ്റം മൂടിയ വെള്ളത്തിൽ
മഴക്കാലം
തവളക്കരച്ചിലുകൾ താണ്ടി
ഉറക്കം കുത്തിയുണർത്തുമ്പോൾ

പാതിനിലാവിൽക്കലർന്ന്
കടും നീല ,കറുപ്പിൽ വരച്ച രാത്രി
നിഴലുകളോടൊത്ത്‌
ഇഴ പിരിഞ്ഞു കളിക്കുമ്പോൾ,

ഞെട്ടിയുണരുന്ന ഞാൻ
ഭൂമിയോ കടലോ ആകാശമോ
എന്നറിയാതെ,
ഇരിപ്പോ,കിടപ്പോ   നടപ്പോ
എന്ന് തീർപ്പില്ലാതെ,
മാളികപ്പുറത്ത്‌ കൊച്ചുകുഞ്ഞായി ഒറ്റക്കിരിക്കുമ്പോൾ,

പാടം കടന്ന്
നിരന്ന തെങ്ങിൻ കാടുകളിൽനിന്ന്
മണ്ണിൽ തൊട്ടു തൊട്ടുയർന്നു കുതിക്കുന്നുണ്ടാവും
കത്തുന്ന പന്തങ്ങൾ,
എണ്ണമില്ലാതെ കുതിച്ച്‌,
പെട്ടെന്ന് ഒറ്റയായ്ക്കിതച്ച്‌
വീണ്ടും ചിതറി ആയിരങ്ങളായ്‌
ആനന്ദ നൃത്തമാടുന്നുണ്ടാവും


മു ട്ടോളം വെള്ളത്തിൽ നിന്ന് ആ രോ ക്കെ യോ
കണ്ടു രസിക്കുന്ന പൊ ലെ...!!

നിലാവിന്റെ കട്ടിവെളിച്ചങ്ങൾ
 വാരിത്തേച്ച്‌ ചിലരൊക്കെ
ഒറ്റ വരിക്കു പോകും പോലെ.

ചില രാത്രികൾ ഉറങ്ങാതിരിക്കും പോലെ
ഇരുട്ടിന്റെ ആകെ ഞൊറിവുള്ളുടുപ്പ്‌
വലം വീശിയാകാശം കാണുന്ന
പോലെ.

കൂറ്റിരുട്ടത്ത്‌ പോകുന്നവരെല്ലാം
എന്നെയു മൊക്കത്തെടുത്ത്‌
ചിലപ്പോൾ മുചിലോട്ടമ്മയെ കാട്ടിത്തന്നു.

പിന്നെ ഒറ്റമുലച്ചിയെ തൊഴീച്ചു.
വാക്കു മുറ്റാത്ത പ്രായത്തിൽ തസ്രക്കിലെ കരിമ്പനച്ചോട്ടിലൊറ്റക്കു കൊണ്ടിട്ടു.
പച്ച വെളിച്ചം കണ്ടൂ ട രാത്രിയിൽ
അച്ഛമ്മ പയ്യെ പറഞ്ഞു.
കുഞ്ഞിനാരോ
കൂടോത്രമൂട്ടിയിട്ടുണ്ട്‌.
അതാണത്രെ വാക്കിന്നു കൂടാത്ത തൊക്കെ  പറയുന്നു.

കണ്ട പന്തങ്ങൾ പൊട്ടിച്ചൂട്ടുകൾ
കണ്ടവരൊക്കെയും പ്രേത ഭൂതാധികൾ
എങ്കിലുമെത്ര മൃദുലമായെൻ കവിൾ തൊട്ടിട്ടു
നക്ഷത്രമെത്രയെന്നവർ ചോദിച്ചത്‌

കണ്ടു കണ്ട്‌
കേട്ടു കേട്ടു
ആ കുട്ടിയു റങ്ങു മ്പോൾ,മാളുകപ്പുറത്തവർ
കാവൽ നിന്നത്‌



ഇതിലുമെങ്ങനെയാണു
രാത്രി ,കറുപ്പിൽ ,വെളിച്ചത്തിന്റെ കവിത വരക്കുകയെന്ന്
ഓർത്തോർത്തുറങ്ങിയിട്ടുണ്ടാവുമാകുട്ടി.

പിറ്റേന്ന് കാലത്ത്‌
"ഇന്നലെക്കണ്ട സ്വപ്നത്തിൽ
 ഞാനൊരു
കത്തുന്ന പന്തു കണ്ടെന്ന്
പറഞ്ഞിട്ടുമുണ്ടാകും"

Popular Posts