വെയില്‍
---------------
എ. അയ്യപ്പന്{2000 }
----------------------------
അറിയും     എന്ന്   പറഞ്ഞില്ല
അറിയില്ല എന്നും
ചിറകു വെട്ടി മാറ്റിയ 
പാടു മാത്രം നീട്ടിക്കാണിച്ചു
 
ഒടുവിലത്തെ പകല്‍
 അസ്തമിച്ചു

എഴുതി  വച്ച  കത്തുകള്‍   
മേല്‍വിലാസം ഇല്ലാതായി

സന്ധ്യയുടെ 
ദുരിതാന്ധകാരം കറുത്ത് തണുത്തു

ഞാന്‍ നിന്നോട് യാത്ര ചൊല്ലി

കുറ്റവാളിക്ക് പകരം
കഴുമരത്തില്‍ ഏറാന്‍ 
എന്റെ നിഴല്‍
പടിക്കപ്പുറം

കുഴഞ്ഞ  കാലുകളോടെ
നീ .....
പോയ ജന്മങ്ങളിലേക്കു
വേച്ചു വേച്ചു

എന്റെ പേര് നീ അറിഞ്ഞു
നീ 
നിന്നില്‍ നിന്ന്
കൂടു മാറാന്‍
 കൈ വിരലുകള്‍ കോര്‍ത്തു.
ഒരിരുട്ടു നമ്മെ മറക്കും

ഇനി കരുതാം
നിന്നെ ഞാന്‍ കണ്ടിട്ടില്ല 
എന്നെ നീയും 
ഇനി കാണും വരേക്കെങ്കിലും