നിശബ്ദത അതിന്റെ പിറവി യെക്കുറിച്ചു സംസാരിക്കുന്നു
ഓർമ്മകളിലെവിടെയുമെമ്പാടും
കണ്ണിൽ ജലമെന്ന പോൽ....
നിറയുന്ന  മറവി

വല്ലാത്ത തെളിച്ചം
സ്വപ്നത്തിൽ നീ വരും പോലെ
തിളങ്ങുന്ന വെളുപ്പ്‌
കടൽ നീല
ഏറെ വെള്ളി വരകൾ
എന്നാൽ,
ഉറക്കം തീരെത്തീ രെ
കടൽ ചുരുങ്ങുകയാണു.
ഒരേ സ്വപ്നത്തിൽ
പല പല നീ.

മേഘം തൊടാനാഞ്ഞ കാറ്റ്‌
വിണ്ടു കീറിക്കീറി...
നീറ്റലകലാതെ....
തിരയടങ്ങാതെ....
വീണ്ടും വീണ്ടും മറവി...

മഴക്കാലം,വേനൽ,വസന്തം
ഇല പൊഴിച്ചിൽ
മറവിയിൽ തളിർത്തു
വീണ്ടും പൊടിയിലകൾ

സ്വപ്നത്തിൽ നീയുമായെത്തി
യക്ഷന്റെ മേഘം.
എന്നെയൊന്നു
നോക്കുക പോലും ചെയ്യാതെ പെരുമഴയാകാൻ
കുതിച്ചു
നിന്നോടൊപ്പം തന്നെ
തിരിച്ചു പോയി

.

ഉണർച്ചയിൽ തെളിഞ്ഞേക്കാം
സ്വപ്നം

നീ,നിദ്രയിൽ
പർവ്വതങ്ങളിൽ നിന്ന്
എന്റെ പേരു ചൊല്ലി
വിളിച്ചേക്കം....
ബോധത്തിലേക്കുള്ള തിരിച്ചു യാത്രയിൽ
കവിതയല്ലാതെ ഒന്നും
കൂടെയെടുത്തില്ല.

രാത്രി
അബോധത്തിന്റെ ഇരുൾ പടർന്ന്
കവിതയിലില്ലാത്ത നിറത്തിൽ
വീണ്ടും ഉറക്കം മയക്കം ഉന്മാദം

തിരിച്ച്‌ ബോധത്തിലെത്തുമ്പോൾ...
കരുതുന്നു.
അബോധത്തിലിൽ എത്തിയത്‌
നീയോ...
നിന്റെ സ്വപ്നമോ

എല്ലാം പറഞ്ഞു
തീരുമ്പോൾ
തണുപ്പായ്‌
മൂടണമെനിക്ക്‌.

അതിനാൽ
ഞാനെന്റെ പേരു
നിശബ്ദതയെന്നു
മാറ്റിയെഴുതുന്നു.

Popular Posts