ഞാൻ വരുന്നതു കാത്തു നിൽക്കുന്ന ഒരാൾ
========================
         
ഞാൻ വരുന്നതു
കാത്തു നിൽക്കുന്ന
ഒരാളുണ്ട്‌
എന്റെ ഉള്ളിൽ
കാൽ വിരലുകൾ
മണ്ണിലേക്ക്‌ നട്ടു വച്ച്‌
വേരു കിളിർക്കുന്നതു നോക്കി നിൽക്കും
ഓർമ്മകളെ
തടമെടുത്ത്‌ പാകി വക്കും.
മറന്നുപോയവയു ടെ
കുഴികളിൽ
വെള്ളം കോരി നിറക്കും
വാങ്ങിവച്ച പുസ്തകങ്ങൾ
ഒന്നുപോലും വായിക്കാതെ
ഒട്ടിച്ചു വക്കും
ഇലകളെ
വാട്ടിയെടുത്ത്‌
ചോറു പൊതിഞ്ഞു വക്കും
എല്ലായ്‌പ്പോഴും
ഞാൻ തിരിച്ചു വരില്ല
എന്നറിഞ്ഞിട്ടും
എല്ലായ്‌പ്പോഴുമെന്നെ
ചിരിച്ചു കൊണ്ട്‌
യാത്രയാക്കാറുണ്ട്‌
ഞാൻ