കവിതയിലൊരു സ്വപ്നം
-----------------------------
ഞാൻ ഭൂമിയിൽ നിന്നു തീവണ്ടി കയറുകയായിരുന്നു
പേരറിയാത്ത ഏതോ ഗ്രഹത്തിലേക്ക്‌
കവിതകൾ നിറച്ച ഉണങ്ങിയ പഴങ്ങള്,
സ്വപ്‌നങ്ങൾ നിറച്ച ജല സംഭരണികളും
ഉറുമ്പുകളെ പോലെ എന്നെ പിൻ തുടര്ന്നു

ചെമ്പരത്തികൾ മാത്രം പൂക്കുന്ന വീട്ടിൽ നിന്നായിരുന്നു യാത്ര
പരസ്പരം മിണ്ടാതെ
രണ്ടു മുറികൾ
രണ്ടിടങ്ങളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ടു
നിലക്കടല കൊറിച്ചു
ആ രാത്രി പെട്ടെന്ന് മഴ പെയ്തു
ഇരുട്ടിൽ ഞാൻ പാട്ട് പാടി
പ്രണയത്തിന്റെ നിലാവ്
ചെറു വിരൽ തൊട്ടു
വെളിച്ചം വരവായി എന്ന് സമാധാനിപ്പിച്ചു

ഏകാകിയായ കവി,തന്റെ ഏകാന്തതയെക്കുറിച്ച്‌
പറഞ്ഞു കൊണ്ടേ ഇരുന്നു
മഴ,ഇരുട്ടിൽ
സ്വന്തം പേര് മറക്കാതിരിക്കാൻ
തുടരെ തുടരെ ഉരുവിട്ടു

പ്രണയമില്ലാതെ, കണ്ണുകൾ കൊണ്ട് എന്ത് കാര്യം എന്ന്
മഴ നനഞ്ഞു കൊണ്ടു തന്നെ
ചെമ്പരത്തികൾ മന്ത്രിച്ചു

ഇരുട്ട് മുറിച്ചു  എന്റെ പാട്ട് നിന്നെ
കടലിനെ കുറിച്ച് തന്നെ ഓർമ്മിപ്പിച്ചു കാണും
നീ വീണ്ടും വീണ്ടും എനിക്ക്
കടലിനെ ചൂണ്ടിക്കാണിച്ചു

പെട്ടെന്ന് കവിയുടെ മുഖച്ഛായ മാഞ്ഞു പോയി

''എല്ലാ മതിലുകളും''...... എന്ന് കവിതയിലെഴുതിയ
മറുനാടൻ കവി
മുങ്ങി മരിച്ച കഥ ഓർമ്മ വന്നു
കഴുകനെപ്പോലെ ,മഴയിൽ മറഞ്ഞു വന്നു
അതിർത്തികളെ കൊത്തിപ്പറന്നു പോയ
കഴുകനെ ഓര്മ്മ വന്നു

കുഞ്ഞു മരിക്കുമ്പോൾ
ഇറച്ചി തിന്നാനല്ല
കുഞ്ഞ് മരിക്കാതിരിക്കാനാണ്
അന്ന് ഞാൻ ആ മരുഭൂമിയിൽ കാത്തിരുന്നത് എന്ന്
അത് തേങ്ങി തേങ്ങി പറഞ്ഞു

ആരും ആരെയും ഇത്ര പ്രണയിക്കരുതെയെന്നു    
നിന്റെ കണ്ണുകൾ എന്നെ   നെഞ്ചോടു ചേർത്ത്
നിന്റെ ഓർമ്മകൾ എന്റെ ഭൂമിയിൽ
മയിൽപ്പീലികൾ ആയി
ഇരുട്ട് വെളിച്ചമാല്ലാത്ത മറ്റിടങ്ങളെ
ഒളിപ്പിച്ചു വക്കും പോലെ
പേരറിയാത്ത ഏതോ ഗ്രഹത്തിലേക്ക്‌ കവിതകൾ നിറച്ച മുറിവുകളുമായി
തീവണ്ടി കയറുകയായിരുന്നു ഞാൻ



Popular Posts