അവിചാരിതമായ ഒരുവൻറെ മരണം

 


*********************
(സുഹൃത്ത് ടോണിക്ക് )
എവിടെ നിന്നോ ആണ് അയാളുടെ മരണം കേട്ടത്
സ്വാഭാവികം
നമ്മളും ഒരിക്കൽ
മരിക്കുമല്ലോ!
പക്ഷേ
വ്യത്യാസമുണ്ട്
എൻറെ മരണ വാർത്ത കേൾക്കാൻ അയാൾ ഉണ്ടാവില്ല.
മരിക്കും മുമ്പ്
വല്ലപ്പോഴും അയാൾ വിളിച്ചിരുന്നു
നഗരത്തിൽ എത്തുമ്പോൾ ചില ഒഴിഞ്ഞ ഇടങ്ങളിൽ കാത്തു നിൽക്കുകയും ചെയ്തിരുന്നു.
മറ്റാർക്കും വേദന തോന്നാത്ത വാർത്തകൾ വെട്ടിയെടുത്ത
പത്രക്കഷ്ണങ്ങൾ
കാട്ടിത്തന്നു
മറ്റാർക്കും വേദനിപ്പിക്കാത്തതെന്തേ
എന്ന് ആശങ്കപ്പെട്ടിരുന്നു
അത്യപൂർവമായി ചിലർ തനിക്ക് എഴുതിയിരുന്ന കപ്പുകൾ നാലായി ചുരുട്ടി വിയർപ്പിൽ കുതിർന്ന കൈവെള്ളയിൽ അമർത്തിവെച്ച് എനിക്ക്
കാട്ടി തരുമായിരുന്നു
""നോക്കൂ അവർ എനിക്ക്
തെറ്റ് അയച്ച കത്തുകൾ!
കാരണം ചോദിക്കുമ്പോൾ
" സുഖം തന്നെയല്ലേ എന്ന ചോദ്യമുണ്ട് അതിൽ.
നോക്കൂ ഇതെനിക്ക് ആവില്ല"
എന്ന് ഊന്നി പറഞ്ഞിരിക്കുന്നു
ഒറ്റ ബസ്സു മാത്രമുള്ള ഒരു നാട്ടിൽ നിന്നാണ്
അയാൾ ഇടയ്ക്കിടയ്ക്ക് നഗരത്തിൽ എത്തിയിരുന്നത് എന്നറിയാം
അയാൾക്ക് ആരൊക്കെ ഉണ്ടായിരുന്നു എന്ന് ഒരിക്കലും ചോദിക്കാൻ ആയിട്ടില്ല
കവിയരങ്ങുകളുടെ ഒടുവിലത്തെ നിരയിൽ പേരുകളെല്ലാം വിളിച്ചു കഴിഞ്ഞാൽ
കവിത വായിക്കുന്ന
ഒരാളായി ആരെങ്കിലും അയാളെ കൊണ്ടിരുത്തുമായിരുന്നു
കവിതക്കു പകരം ജീവിതം വായിച്ച് അയാൾ എല്ലാവരെയും കരയിപ്പിക്കും അയാൾ മാത്രം ചിരിക്കും.
ആരും ഒരിക്കലും പ്രസിദ്ധീകരിക്കാൻ ഇടയില്ലാത്ത
ഒരു പുസ്തകം അയാൾ എപ്പോഴും
കൂടെ കൊണ്ടു നടക്കുമായിരുന്നു.
ഇടയ്ക്ക് ഏതെങ്കിലും ഒരു കലുങ്കിൽ ഇരുന്ന്
അതൊക്കെ ഒന്നുകൂടി അടുക്കിപ്പെറുക്കി വെക്കുമായിരുന്നു
ആരോ ഒരിക്കൽ പറഞ്ഞു കേട്ടു
അയാളുടെ ആരെയോ കാണാതായതിനെക്കുറിച്ച്...
വർഷങ്ങളോളമായി അയാളെ അന്വേഷിക്കുക കൂടിയാണ് അയാൾ
ഭാരിച്ച ജോലികൾ ചെയ്യുമ്പോൾ അയാൾക്ക് തലകറക്കം വന്നിരുന്നത് പുസ്തകങ്ങൾ തലക്ക് വെച്ച് റെയിൽവേസ്റ്റേഷനിൽ ഇരുന്നുറങ്ങുന്ന
അയാളെ
തീവണ്ടി വിളിച്ചുണർത്താറുണ്ടായിരുന്നത്രേ
എന്നെക്കൊണ്ട് അയാൾക്ക് ഒരു കാര്യവും ഉണ്ടായിരുന്നില്ല
പൈസ ഇല്ലായ്മയുടെ കാര്യം പറയുമ്പോൾ
ഞാൻ അയാൾക്ക്
പലതവണ
പണം കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്
പക്ഷേ
എൻറെ കയ്യിലെ നോട്ടുകളെയും ചില്ലറകളെയും പൂമ്പാറ്റയാക്കി മാറ്റി
അയാൾ നടന്നു പോയി.
അയാൾ എന്നെ കാത്തു നിന്നിടത്തൊക്കെ
ഇന്നൊരു മരമുണ്ട്.
അന്നും ആ മരം ഉണ്ടായിരുന്നിരിക്കാം
ഞാൻ കണ്ടിട്ടില്ല
എന്നെക്കാൾ ഏറെ പൊക്കം കുറഞ്ഞ അയാളോട് ഞാൻ തലതാഴ്ത്തിയായിരുന്നു മിണ്ടിയിരുന്നത്.
അതിനാൽ
മരങ്ങൾ ഉണ്ടെങ്കിലും കണ്ടിരുന്നില്ല
അവയ്ക്ക് ചോട്ടിൽ
അയാൾ എഴുതിവച്ച
സ്വന്തം മരണത്തിന്റെ അടയാളങ്ങൾ
ഇന്ന് കരിങ്കൽ കഷണങ്ങൾ ആയി കിടപ്പുണ്ട്
ഞാനത് കണ്ടു
ഇന്ന്
ചിലപ്പോൾ
വീട്ടിലെത്തി വീണ്ടും
ഞാൻ മടങ്ങിപ്പോയി
അവിടെ
നിൽക്കുമായിരിക്കും
സ്വന്തം മരണത്തെ സ്ഥിരീകരിക്കാൻ അയാൾ വരാതിരിക്കില്ല.

Popular Posts