മരണശേഷം

 "


നിന്റെയൊരു കവിതയുണ്ടല്ലോ

''മരണശേഷം ''?

ഒരു സുഹൃത്ത് ചോദിക്കുമായിരുന്നു

കുറെ തിരഞ്ഞു

കണ്ടില്ല

''അത് കാണാനില്ല ''

ഞാനെപ്പോഴും മറുപടി പറഞ്ഞു

എത്ര ഓർത്തെടുത്തിട്ടും

 ഒരു വരി പോലും

ചൊല്ലിക്കൊടുക്കാനായില്ല

എന്റെ അപൂർണ്ണതക്കു നേരെ

'സുഹൃത്ത്

സഹതപിച്ചു

സത്യത്തിൽ ആ കവിത ഞാൻ

എഴുതിയിരുന്നു

 എന്നെനിക്ക്

സംശയമായിത്തുടങ്ങി

അത് കൊണ്ട്

അതുപോലെ

വേറൊന്നു എഴുതാൻ തീരുമാനിച്ചു

ഒറ്റ അക്ഷരവും ഓർമ്മ വന്നില്ല



എനിക്കുറപ്പാണ്

ഞാൻ മരിക്കുമ്പോൾ

 എന്റെ കവിത കൂടെ വരില്ല

അത് എന്റെ തീരുമാനമല്ല

അതിന്റെ തിരഞ്ഞെടുപ്പാണ്

എന്നെ ഒഴിച്ച് മറ്റാരുടെ കൂടെയും

അത് പോകും

താമസിക്കും

എന്നെ വിട്ട് മറ്റുള്ളവരിലേക്ക്

പോകാനാണത്

നിരന്തരം ശ്രമിക്കുന്നത്

ഇതെഴുതുമ്പോൾ പോലും

ജനാലപ്പുറത്തെ

പച്ചയിലാണതിന്റെ കണ്ണ്

എന്നെ അത്രയ്ക്ക്

ഒഴിവാക്കുകയാണെന്റെ കവിത



''എഴുതൂ എഴുതൂ ''

എന്ന

മുറവിളി കൂട്ടുകയും

എഴുത്ത്തീരും നേരം

എന്നെ പുറത്താക്കി

വാതിലടക്കുകയും

 ചെയ്യുന്നു



ഇപ്പോൾ

കാണാതായ

കവിതയുമായി

മിന്നൽ വന്നു

നിൽക്കുന്നു

മരിച്ചു പോയ

സുഹൃത്ത്

Popular Posts