രണ്ട് ആത്മഭാഷണങ്ങൾ



1
കൊന്നവന്റെ
*************
ഞാൻ
ഈ ചരിത്രത്തിന്റെ ഭാഗമല്ല .
ഞാൻ തന്നെ
വലിയൊരു  ചരിത്രമാണ് .
അതുകൊണ്ടാണ് എനിക്ക് നിന്നെ വിമർശിക്കാനാകുന്നത.്
.
ഞാൻ കലാപങ്ങളിൽ കൊല്ലപ്പെട്ടവനല്ല .
കലാപങ്ങൾ വരച്ചെടുക്കാൻ എനിക്കാവും .
അതുകൊണ്ട് എനിക്ക് നിന്നെ പരിഹസിക്കാം .

ഞാൻ അതിർത്തികളിൽ കാണാതായവനല്ല .
എന്നെ ഒരു ഭരണകൂടവും
വെടിവച്ചു കൊന്നിട്ടില്ല .

ഞാൻ കറുത്തവനല്ല .
എന്റെ കാലുകളിൽ
ഒരിക്കലും
ചെളി പുരണ്ടിട്ടില്ല .
ഞാൻ
വെണ്ണയും  പാലും മാത്രമേ കുടിച്ചിട്ടുള്ളു .
അതുകൊണ്ട്
എനിക്ക്
നിന്നെ
എത്രയെളുപ്പം കൊല്ലാനായി !

2.ചത്തവന്റെ
*************
ഞാൻ ജനിച്ചതും ചത്തതും തെരുവിൽ ആണ് .
നിങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ ഉണ്ടായിരുന്നിട്ടും
നിങ്ങൾക്ക് എന്നെ കാണാനായിട്ടില്ല .
നിങ്ങളുടെ വിഴുപ്പുകൾ അലക്കി ,
ബാക്കി കിട്ടിയ സമയത്താണ്
എന്റെ അമ്മ
കാണാതായ എനിക്ക് വേണ്ടിഭരണകൂടത്തിന് മുന്നിൽസമരം ചെയ്തത് .
വാട കലർന്ന വെള്ളം കുടിച്ചാണ് ഞാൻ വളർന്നത് .
എനിക്ക് ചരിത്രം എന്നത് പുല്ലാണ് .
കാരണം
ചരിത്രം എന്നെ ഉൾക്കൊള്ളുന്നില്ല .
ഒരു പ്രേതത്തിന്റെ രൂപത്തിലെങ്കിലും
നിങ്ങൾക്കെതിരെ എനിക്ക്
നിൽക്കാതിരിക്കാനാവില്ല .

ഏത് പരമ്പര്യത്തെക്കുറിച്ചാണ്
നിങ്ങൾ മുറവിളി കൂട്ടുന്നത് ?

ഏത് ചരിത്രത്തെക്കുറിച്ചു ?

ഏത് വർത്തമാനത്തെക്കുറിച്ച്?

ജീവൻ നിലനിർത്താൻ ഒരിറ്റ് വായു തരൂ
എന്റെ അമ്മക്ക് അവരുടെ മണ്ണ് തിരിച്ചു കൊടുക്കൂ

തൊണ്ട നനക്കാൻ
ഒരു തുള്ളി
വെള്ളം തരൂ .

ചോര ചുവക്കാത്ത
വെള്ളം .


Popular Posts