മരിച്ചവരുമായുള്ള ആത്മഭാഷണങ്ങൾ


പൂമ്പാറ്റയും മീനും പക്ഷിയുമായുള്ള ആത്മഭാഷണങ്ങളിൽ
പൂമ്പാറ്റയാകാൻ പോകുന്ന
ഒരു പെൺകുട്ടി

പൂമ്പാറ്റയെക്കുറിച്ചുള്ള
എന്തെങ്കിലും
അവളുടെ ഉള്ളിൽ നിന്ന് ചെത്തിയെടുക്കാൻ ആകുമോ
എന്ന്
ചുഴിഞ്ഞ് നോക്കുന്നു

പൂമ്പാറ്റയെക്കുറിച്ചുള്ള
ഓർമ്മയിൽ അല്ലാതെ അവൾ
പൂമ്പാറ്റയാകുന്നേയില്ല


അവളെക്കുറിച്ചുള്ള
മീനുകളുടെ സ്വപ്നത്തിൽ
നിറച്ചും കടലായിരുന്നു

കടലിന്റെ സ്വപ്നം നിറയെ അവളും

മീനുകളും  കടലും അവളും
പരസ്പരം കണ്ടതേയില്ല

എങ്കിലും മീനുകളൂംകടലും എന്നത്‌
ഈ കവിത പോലെ തന്നെ  ഒരു വിശ്വാസമാണു.


മരിച്ചവർക്കിടയിൽ നിന്ന്
ഒരു  പക്ഷി
അവളെ
മേഘങ്ങളിലേക്ക് കിടത്തുന്നു
അതിന്റെ ചിറകുകൾ
അതിന്റെ  ഉടലിൽ നിന്ന്
വേർപെടാതെ തന്നെ പറക്കുന്നു.
മരിച്ചവർക്കിടയിൽ നിന്ന് ഞാനും
വേർപെടാതെ നിൽ ക്കുന്നു
മീനുകളും കടലും പക്ഷിയും  അവളും
വേർപെടാതെ നിൽക്കുന്ന
കവിത പോലെ
--------