കാക്കകളുടെ വരി .












കുഞ്ഞിന് പറഞ്ഞുകൊടുത്ത കഥയിൽ
കാക്കകൾ
വരിതെറ്റാതെ ഇരുന്നു .
"അവർ നിൽക്കുകയാണ്
 കുഞ്ഞ് കണ്ടെത്തി.


 പക്ഷികൾ ഇരിക്കുന്നതും നിൽക്കുന്നതും കിടക്കുന്നതും ഒരുപോലെയാണോ ?
കുഞ്ഞിന്റെ സംശയം


ശിരസ്സിൽ പീലികൾ മുളച്ചപ്പോൾ
 മയിലായി മാറിയ
ഒരു കാക്ക
 വലതുവശത്തേക്ക്
 മാറി നിന്നു .


കറുത്ത ചിറകുകളിൽ മഴവില്ലിൽ ചുവപ്പ് തരികൾ പാടിയപ്പോൾ ഇടതുവശത്തേക്ക് മാറിയിരുന്നു മറ്റൊരു കാക്ക .


മറ്റുള്ളവർ
 നിറങ്ങൾക്ക് വേണ്ടി ആകാശത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി.


 ചിലർക്ക്
വെളുത്ത തൂവൽ വേണം
ചിലർക്ക് പച്ച .
ചിലർക്ക് മഞ്ഞ .

അങ്ങനെ അങ്ങനെ ..

മഴയിൽ നിറം പെയ്യിക്കാമെന്ന് ആകാശം വാക്കുകൊടുത്തു.

കാക്കകൾ
 കാത്തിരിപ്പ് തുടർന്നു.


നിറങ്ങൾ  കിട്ടിയവർ
ചരിത്രം എഴുതാൻ തുടങ്ങി ചിത്രം വരയ്ക്കാൻ തുടങ്ങി അവർ തന്നെ ഭൂപടങ്ങൾ വരച്ചു അതിർത്തികൾ വരച്ചു.


" മഴ പെയ്തിലല്ലോ "
കുഞ്ഞു ചോദിച്ചു .
മഴ പെയ്തില്ല .
 'നിറങ്ങൾ കിട്ടാത്തവർ
അസ്പൃശ്യർ '
എന്ന കൽപന വന്നു.


 അവരിൽ നിന്ന് ശബ്ദങ്ങൾ ഊരി എടുക്കപ്പെട്ടു.
 ഒച്ചകൾ ഊരി എടുക്കപ്പെട്ടു . നഖങ്ങൾ വെട്ടി മാറ്റപ്പെട്ടു

 നാവുകൾ പിഴുതെറിയപ്പെട്ടു .
 ചില കാക്കകൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല .
അവർ തീയിൽ ചാടിചത്തു .
ചത്തു കഴിഞ്ഞിട്ടും നിറം കാത്ത് നിന്ന അവരുടെ ആത്മാവ് ,
അവരെ വിട്ട് പോയില്ല .


ആരൊക്കെയോ
കൈകൾ ചേർത്ത്
കൊട്ടുന്നത് കേൾക്കുമ്പോൾ
അവർ പറന്നു വന്നു .


അവർ വെറും ശരീരങ്ങൾ ആയിരുന്നില്ല .


ഇരുട്ടും പ്രകാശവും ചേർന്ന്
അവരുടെ കറുപ്പ്
നീറ്റി നീറ്റിഎടുത്തു
അവർക്കെന്നു നിറം കിട്ടും ?
കുഞ്ഞ് ചോദിക്കുന്നു .

കുഞ്ഞിനോടൊപ്പം
കാക്കകളുടെ
വരിയിൽ
പോയി നിൽക്കുകയാണ് .