ഒരാളുടെ ഏകാന്തതകളെ സ്നേഹിക്കുകയെന്നാൽ
****************************
ഒരാളുടെ ഏകാന്തതകളെ
കേൾക്കുകയെന്നാൽ
കടലിലേക്ക്
കാലുകൾ ഇറക്കി വച്ച്
മരണത്തെക്കുറിച്ചയാൾ
എഴുതിയെടുത്ത കവിതകൾ
വായിക്കുകയെന്നാവും .
കുന്നുകൾക്ക് മേൽ
നിലാവ് വീഴ്ത്തിക്കൊണ്ട്
അയാൾ കണ്ട മേഘങ്ങളെ ധൃതിയിൽ
വരച്ചെടുക്കുകയെന്നാവും .
ഒറ്റ നിമിഷം കൊണ്ടു പകർത്തിയ ചിത്രം
അതിലേറെയെളുപ്പത്തിൽ
മായ്ച്ചു കളയുകയെന്നാവും .
ഒരാളുടെ ഏകാന്തതകളെ
കാണുകയെന്നാൽ
കടലിലേക്ക് നോക്കി നിൽക്കുന്ന മലകളെ
ഇടിച്ചുതകർക്കുകയെന്നാവും .
ഒരിക്കലും പങ്കെടുക്കാത്ത
യുദ്ധത്തിന്റെ തന്ത്രങ്ങൾ
ഒലിച്ചു കടത്തുകയെന്നാവാം .
ഒരിക്കലും വരയ്ക്കാൻ കഴിയാത്ത ചിത്രങ്ങളെ
ഒരുവനോടുള്ള പ്രണയത്താൽ
ഉടൽ കീറി വരയുകയുമാവാം .
എന്റെ നക്ഷത്രങ്ങളേ ....പൊള്ളുന്ന ee കടലിലേക്ക്
പതിക്ക് ...പതിക്ക് ...
എന്ന് പറയുകയാവാം .
ഒരാളുടെ ഏകാന്തതകളെ
സ്നേഹിക്കുകയെന്നാൽ
ഒറ്റക്കായാൾ കാട്ടിൽ അലഞ്ഞു കേട്ട
പക്ഷിക്കലമ്പലുകളെ
അറിയുകയെന്നാവും .
ഒറ്റക്കുറങ്ങി എണീക്കുമ്പോൾ
സ്വപ്നത്തിൽ മുങ്ങി മരിച്ച
കടലിലേക്ക് പുഞ്ചിരിച്ചു കൊണ്ടു ഇറങ്ങലാകാം .
ഇത്രയും കാലം
മഴയിലൊളിച്ചു നിന്ന മുള്ളുകളെയോരോന്നായി രോമകൂപത്തിലേക്ക് ആഴ്ത്തിവക്കലാകാം .
ഒരാളുടെ ഏകാന്തതയാവുകയെന്നാൽ
അയാളെ പ്രണയിക്കുകയെന്നല്ല .
അയാളുടെ ഏകാന്തതയോളം
ഏകാന്തതയാവുകയെന്നു തന്നെയാണ് .