മകൾ വളരുമ്പോൾ
ചില്ലു ഞൊറികൾ
ചേർത്തടച്ചു വച്ച്
ഒരു മീനും ഒപ്പം വളരും .
അവളുടെ
ഇളം ചുവപ്പ് കലർന്ന
ചെവികളിൽ
ഒരു വെളുത്ത മുത്ത്
തൂങ്ങുമ്പോൾ
മീനിന്റെ ചെകിളകളിൽ
വെളിച്ചം വിതറും .
മകൾ വളരുമ്പോൾ
ഒപ്പം വളരും
ഒരു ചെന്നായ .
സ്വപ്നത്തിലവൾ
കടൽ
കാണുമ്പോൾ
തീരത്തടിഞ്ഞ
മീനുകളുടെ
മാംസം നക്കിനക്കിയുറങ്ങുന്നത്
സ്വപ്നം കണ്ട്
അത് കുറ്റിക്കാട്ടിൽ
പതുങ്ങിയിരിക്കും .
മകൾ വളരുമ്പോൾ
ഒപ്പം പടരും ഒരാൽമരം
ആകാശത്തേക്ക്
കുതിച്ചു കയറും
ഒരു കിനാവള്ളി .
അവളുടെ വിരലറ്റങ്ങളിൽ
പൂമ്പൊടി ,
മഞ്ഞ ,
ചുവപ്പ് ,
പച്ച
വയലറ്റ് .
അവൾ വായിക്കുന്ന പുസ്തകത്തിൽനിന്ന്
പൊട്ടിത്തെറിക്കാനൊരുങ്ങിനിൽക്കും
ഒരഗ്നിപർവ്വതം .
മകൾ ഉറങ്ങുമ്പോൾ
അവളുടെ സ്വപ്നത്തിലേക്ക് നുഴഞ്ഞു കയറാൻ
കാത്ത് നിൽക്കുന്ന കാട്ടുമൃഗങ്ങളുടെ
തേറ്റകൾ
അറുത്ത് കളയാൻ ഒപ്പം കരുതും ഒരു കത്തി .
അവൾക്കൊപ്പം
തേച്ചു മിനുക്കി രാകി
അവളുടെ ഉടലിലൂടെ വഴുക്കികളിക്കും ഒരു വെളിച്ചം .
വിരലുകൾക്കിടയിലൂടെ
ഊർന്ന് ഊർന്ന് ...
2
മകൾ വളരുമ്പോൾ
അവൾ എന്നോട് കളിപ്പാട്ടം ചോദിക്കുന്നു .
ഞാനവൾക്കൊരു ജോഡി
തേറ്റപ്പല്ലും നഖങ്ങളും കത്തിയും
കൊടുക്കുന്നു .
ഇത് കൊണ്ട് എന്ത് ചെയ്യാനാണ് ?
അവൾ കണ്ണ് കൂർപ്പിക്കുന്നു
അവൾ കാലുകൾ മണ്ണിലേക്ക്
ആഴ്ത്തുന്നു .
ചെന്നായയുടെ
ചുവന്ന കണ്ണുകൾ
ഇരുട്ടിൽ തിളങ്ങുന്നു .
അവൾ പറയുന്നു
സൂര്യൻ അസ്തമിക്കുന്നുവെന്നും
ഉദിക്കുന്നുവെന്നും അറിഞ്ഞ
അതേ സമയം
"നോക്കൂ
ഇതൊരു നാടകമാണോ ?
ഇതിൽ ഞാൻ ഒറ്റക്കാണോ ?
ഇവിടെ ഇരുട്ടോ വെളിച്ചമോ ?
അല്ലെങ്കിൽ എന്താണ് ?
ഞാൻ ഈ കത്തി വാങ്ങാം .
പക്ഷെ
ഇതിന്റ
മൂർച്ചയിലൂടെ
യാത്ര ചെയ്യാൻ
ഞാൻ ആഗ്രഹിക്കുന്നില്ല .
എനിക്ക് ഈ ചെന്നായയുടെയും
ആൽമരത്തിന്റെയും
കണ്ണുകളിൽ നിന്നും
വിത്തുകളിൽ നിന്നും
ജീവിതത്തെ
എഴുതിഎടുക്കണം .
രൂപമില്ലായ്മയിൽ നിന്ന്
എനിക്ക് എന്നെത്തന്നെ
വരച്ചെടുക്കണം .
മകൾ വളരുകയാണ്
ചെന്നായയും
വളരുകയാണ്