വിചാരണ


തൂക്കിലേറ്റിയ ദിവസം
നഗരത്തിലേക്ക്  ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു

ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും
പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും  അവർ നുഴഞ്ഞുകയറി.

നഗരത്തിലെ മനുഷ്യർ
പല പല തിരക്കുകളിൽ ആയിരുന്നു

ചിലർ
ചിലരുടെ
ശരീരത്തിൻറെ
അളവുകൾ എടുക്കുന്ന തിരക്കിൽ

ജാതി
നിറം
വംശം എന്നിവ
അളന്നെടുത്ത്
അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ
വെട്ടിക്കളയുന്ന കളി
മക്കളെ പഠിപ്പിക്കുകയായിരുന്നു ചിലർ

മറ്റു ചിലർ
മനുഷ്യൻറെ രക്തത്തിനും വെള്ളത്തിനും
തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാനുള്ള  പരീക്ഷണങ്ങളിൽ.


ഭാഷ നിരോധിക്കപ്പെട്ട മേഖലകളിൽ
ഹിംസയുടെ വിത്ത് വിതയ്ക്കാൻ
പോയിരുന്നു ചിലർ

മറ്റുചിലരാകട്ടെ
പുഴയുടെ ഒഴുക്ക് തിരിച്ചുവിടാനും വെള്ളച്ചാട്ടങ്ങളെയും കൊടുങ്കാറ്റുകളും പിടിച്ചുകെട്ടാനും



വിചാരണ കേൾക്കാൻ പക്ഷികൾ
മരക്കൊമ്പുകളിൽ
തൂങ്ങിയാടി നിൽക്കുന്നുണ്ടായിരുന്നു.

മാനുകളുടെ പ്രേതങ്ങൾ അദൃശ്യരായി
പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു
അപ്പോൾ .

ചിലർ പ്രാവുകളുടെയും മരണങ്ങളുടെയും ഓർമ്മയിൽനിന്ന് വാക്കുകൾ  അപ്പാടെ മായ്ച്ചുകളയാൻ പാടുപെടുകയായിരുന്നു .


മരണത്തിലേക്ക്
കുതിച്ചു ചാടാൻ
പൂക്കളും
പ്രാണികളും
ചെമ്പല്ലികളും
പുഴുക്കളും
ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു.


ഉടുപ്പുകൾ
ഊരിയെറിഞ്ഞ്
ചെന്നായ്ക്കൾ
ഓരിയിട്ടു തുടങ്ങി.

വിചാരണയുടെ
  നേരത്ത്
കവിതയുടെ
നേരെ
അവർ
കല്ലെറിഞ്ഞു .

നിഷേധിക്കണം എങ്കിൽ
ആ കവിത
ആദ്യം വായിച്ചു
കേൾക്കണമായിരുന്നു.

നിയമം അതായിരുന്നു പറഞ്ഞത് .
വായിച്ചു തീരുമ്പോഴേക്കും
വെയിലും മഴയും
ഒരുമിച്ചു വന്ന്  ചെന്നായ്ക്കളുടെ ശിരസ്സിൽ ഊക്കോടെ തടവി.

രക്തം തുപ്പിക്കളയാൻ ആവാതെ
അവർ ചേറിലേക്ക്
മൂക്കുകുത്തി .

ഒഴിഞ്ഞു കിടക്കുന്ന നഗരം തൂക്കുമരത്തിലേക്ക്  കണ്ണടക്കാതെ നോക്കുന്നുണ്ടായിരുന്നു .
വിളിച്ചു പറയണം എന്ന്
ഉറപ്പിച്ചു വച്ചിരുന്ന  അലർച്ചകൾ
ചെന്നായ്ക്കൾ
രക്തത്തോടൊപ്പം
ഉള്ളിലേക്ക് തന്നെ
വിഴുങ്ങി.

ഓരോ ഒഴിഞ്ഞ വീടും
  കവിതയിലെ ആൾക്കൂട്ടങ്ങൾ കൊണ്ട് നിറഞ്ഞു .

ഭൂമിയിലെ എല്ലാ നാടകങ്ങളും ആകാശത്ത്
പ്രതിഫലിച്ചു കണ്ടു .

ആകാശം  നഗ്നതയിലേക്ക്
മേഘക്കഷണങ്ങൾ
എറിഞ്ഞു തന്നു .


വാക്കുകൾ
വീണ്ടും വീണ്ടും
ആൾക്കൂട്ടങ്ങളായി ചെന്നായ്ക്കൾക്ക് നേരെ കുതിച്ചുപാഞ്ഞു .

തൂക്കുകയർ മുറുക്കാൻ ഉത്തരവ് വന്നു.

  കവിതയിൽനിന്ന് അടുത്തതായി പുറത്തുചാടിയത്
മഴവില്ലായിരുന്നു

അതിലെ നിറങ്ങൾ കണ്ടു
ചെന്നായ്ക്കൾ
ഭീതിയോടെ കുമ്പിട്ടു .

തലക്കുരുക്ക്
മുറുകി.
ജീവൻ ഒരു നൊടിയിൽ ഇല്ലാതായി
നോക്കൂ
ഇപ്പോൾ
നഗരം മുഴുവൻ
ചെന്നായ്ക്കളുടെ
ശവശരീരങ്ങളാണ് .

ഒഴിഞ്ഞു കിടന്ന
ഓരോ മൂലയിലും
പൂത്തു തളിർത്ത്
ചെടികളും പൂക്കളും കുഞ്ഞുങ്ങളുമായി
മാറിയ  കവിത !!