ഇല്ല









ഇല്ല
*****
വെള്ളത്തിനടിയിൽ
കടലാസ്തോണിഉരുട്ടിക്കളിക്കുന്ന പെൺകുട്ടി .

കൊക്കിന്നറ്റം കൊണ്ട്
അവളുടെ തലമുടി
കൊത്തിമിനുക്കുന്ന
കൊക്കുകൾ

അവൾ
ഇന്നില്ല .

ഉണ്ടായിരുന്നോ എന്നത് തോന്നലും അല്ല .
ഇതിനിടയിൽ
ഭൂപടങ്ങളിൽ നിന്ന്
തെരുവുകൾ മാഞ്ഞു പോയത് ,
ഓർമ്മകളിൽ നിന്ന്
മറവി തൂത്ത്എറിഞ്ഞത് ,
പക്ഷികളുടെ ഉടലിൽ നിന്ന്
തൂവലുകൾ
പറിച്ചെറിഞ്ഞത് ...
മനുഷ്യരും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത് ...


വെള്ളത്തിനടിയിൽ
ഒഴിഞ്ഞ ഇടങ്ങളുണ്ടായിരുന്നെന്ന്
പെൺകുട്ടി അറിഞ്ഞിരുന്നില്ല .
മീനുകൾ അവൾക്ക് ചുറ്റും
കണ്ണുകൾ മിഴിച്ചു നിന്നു.

കടൽ നൊച്ചികൾ അവളോട്‌ പറഞ്ഞു
"നോക്കൂ ...എത്ര ശാന്തമാണ് കടൽത്തട്ട് !

അത് പഴയ കഥയല്ല .
കൈകൾക്ക്‌
വെള്ളത്തിനടിയിൽ
മീനിനെക്കാൾ ഭാരം കുറവായിരുന്നു .
2
കടലാസ് പോലെ കനം കുറഞ്ഞ ഒരാശയം വെള്ളത്തിലേക്കിടുമ്പോഴേ
പൊങ്ങിപ്പോകില്ലേ എന്ന ചോദ്യം ഇപ്പോഴില്ല .
ഒരു പക്ഷെ വായിച്ചു തുടങ്ങുമ്പോഴേക്കും
ഈ കവിത ഇനി മരണത്തെപ്പറ്റി ആയിരിക്കും "
എന്ന നിങ്ങളുടെ ആശങ്കയും ഇനിയില്ല .
കാരണം
മരണത്തെപ്പറ്റിയല്ല ഈകവിത .

ചിലയിടങ്ങളെ ഓർക്കുമ്പോൾ
സുഗന്ധങ്ങളെക്കുറിച്ചല്ലാതെ
മറ്റൊരടയാളവുംപറയാനറിയാതെ
ശ്വാസം തിങ്ങിപ്പോയ
പെൺകുട്ടിയെക്കുറിച്ചാണ്
ഈ കവിത .
അവൾക്ക് ഏത് സമയവും വെള്ളത്തിലേക്ക് ഇറങ്ങിപ്പോകാമല്ലോ .

3

ബാക്കിയുള്ളവർ
ശരീരത്തെ ഭൂമിയിൽ ഉപേക്ഷിച്ചാണ്
വെള്ളത്തിലേക്ക്
ഇറങ്ങിപ്പോയത് .
ഇതൊക്കെ സാധ്യമാണോ എന്ന് ചിന്തിക്കുക പോലും അരുത് .
ഒരൊറ്റ ഞൊടിയിൽ
പതിനായിരങ്ങൾ
പൊട്ടിത്തെറിച്ചു ചാകുന്ന കല
നിങ്ങൾക്ക് മെനയാമെങ്കിൽ
എനിക്കെന്ത് കൊണ്ട്
കടലിനടിയിൽ കടലാസ് തോണി ഉരുട്ടി കളിച്ചു കൂടാ --
അവൾ ചോദിക്കും .
4
ചിലപ്പോൾ ചോദ്യങ്ങൾ ആവിയായിപ്പോയേക്കാം .
ഭാഷ തന്നെ മൗനത്തിലേക്ക്
കലർന്നു പോയേക്കാം .
കടൽ ,കര എന്നീ അതിരുവരമ്പുകൾ നമുക്കുള്ളിലാണെന്ന്
എന്നത് നമ്മുടെ പ്രശ്നമാണ് .

അവളുടേത്  കൈവിരലുകളെ
നനക്കുന്ന ഉപ്പു വെള്ളവും കുതിർന്ന കടലാസും തമ്മിലുള്ള പിണക്കം എന്ന പ്രശ്നമാണ് .
ഭൂമിയിലെ മനുഷ്യർക്ക്
തൊടാനാവുന്നവയിൽ അവൾക്ക് തൊടാനാവുന്നില്ല
എന്ന പ്രശ്നമാണ് .

ഏത് നിമിഷവും
കര ,കടലായേക്കുമെന്നത്
അവളെ അലട്ടുന്നേയില്ലല്ലോ


Popular Posts