കറുപ്പ്, വെളുപ്പ്
1. പുകയിലൂടെ നടക്കുന്നയാൾ
അയാൾ മുന്നിൽ. ചുറ്റിലും, പിന്നിലുമായി അഞ്ചാറു പേർ.
അവരും അയാൾ തന്നെ.
അവരുടെ നെഞ്ചു വരെ മൂടിയിരിക്കുന്നു എനിക്ക് അത് കാണുമ്പോൾ ആനന്ദമാണ്.
പുകക്ക് എന്തൊരു വെണ്മ !
പുകയിൽ നടക്കുമ്പോൾ ഉടലിന് കുറഞ്ഞു പോയേക്കാവുന്ന ഭാരം എത്ര കനം കുറവ് !
അയാളോട് പേര് ചോദിക്കണം. ചിലപ്പോൾ അയാൾ എന്റെ പേര് തന്നെ പറയുമായിരിക്കും.
2 മേഘത്തിൽ നടക്കുന്ന ഒരാൾ
അത് മറ്റൊരാളാണ്.
മേഘത്തിൽ അയാൾക്ക് കിടക്കാം, ഉറങ്ങാം.
സൂര്യനെ നേർക്കുനേർ തൊടാം.
ഞാൻ മണ്ണിലാണ്.
ചെളിയിലാണ്.
പക്ഷേ അയാൾ മേഘത്തിലാണല്ലോ. ഒച്ചകൾ അയാളെ ബാധിക്കില്ലല്ലോ!
3 പൂമ്പാറ്റകൾക്കൊപ്പം ഉറങ്ങുന്ന ഒരാൾ
അയാൾക്ക് മരണം ഉണ്ടാകില്ല.
വിയർപ്പ്, ജലദോഷം പോലുമുണ്ടാകില്ല.
ഉടലിന്റെ കനം അത്രയ്ക്ക് കുറവായതിനാൽ, വാൾ വീശി ഒരു വെട്ടലിൽ, അയാൾ പെടില്ല.
അയാൾക്ക് മരണം ഉണ്ടാകില്ല.
ഞാൻ മരിക്കും
അപ്പോൾ പിന്നെ അയാൾ ഉറങ്ങട്ടെ!
പൂമ്പാറ്റകൾ ഒപ്പം
അതാണ് നല്ലത്
4 ഇപ്പോൾ അയാൾ ഇല്ല
ഇനി ഉണ്ടാവുകയുമില്ല
അങ്ങനെയാണ് തോന്നുന്നത് അല്ലെങ്കിൽ അയാൾ പറയുമായിരിക്കും. വെറുപ്പിനെ കുറിച്ച്, പുഴുക്കളെക്കുറിച്ച്.. മുത്തുകളെയും ചിപ്പികളെയും കുറിച്ച് തീർച്ചയായും എന്നെ കുറിച്ച്.
ഞാൻ കറുത്തവൻ ആണ്. അതുകൊണ്ട് തന്നെ ലോകം എന്റെതല്ല എന്നാണ് നിങ്ങളുടെ വേദം.
പക്ഷേ ഒളിച്ചിരുന്നു ഞാൻ നിങ്ങളുടെ കൈകാലുകൾ വെട്ടിയിട്ടില്ല.
പരിഹാസം എന്റെ രാഷ്ട്രീയവും അല്ല. എനിക്ക് അതിർത്തികൾ ബാധകമല്ല. കണ്ണടച്ച് നീ നോക്കിയാൽ എന്നെ കാണുകയും ഇല്ല.