ഒരില എന്നെ നോക്കി
ഞാൻ എന്നെത്തന്നെ
നോക്കും പോലെ.
ഒന്നും മിണ്ടിയില്ല.
ഇല
ഒന്നിളകി -കാറ്റിൽ
ഞാനും ഒന്നിളകി.
ഒരുറുമ്പ്
ഇലത്തുമ്പിലേക്ക് കയറി.
അരിച്ചു പോയി.
ആ ഉറുമ്പ് എൻറെ വിരലിലേക്ക് കയറിയില്ല.
ഇലയുടെ മരം
അനങ്ങാതെ നിൽക്കുകയാണ്.
കാക്കയും അണ്ണാനും ചിലന്തിയും കുരുവിയും ഉണ്ട് അതിൽ.
ഒരു പുള്ളിപ്പുലി ഇലകൾക്കിടയിൽ ഉറങ്ങുന്നുണ്ട് എന്നത്
ഒരു സാധ്യതയാണ്.
അങ്ങനെ ആയാൽ
എല്ലാം തകിടം മറിയും.
ഇലക്ക് ഇത്ര സ്നേഹത്തോടെ എന്നെ നോക്കാൻ കഴിയില്ല.
ഉറുമ്പിന് ഉടൻ വിറക്കാതെ ഇലത്തുമ്പിലേക്ക്
കയറാനുമാകില്ല.
എനിക്കും ഇത്ര അനായാസമായി
ഇവിടെ നിൽക്കാനുമാവില്ല.
പക്ഷേ പുള്ളിപ്പുലി
ഇവിടെ ഇല്ല എന്ന്
ഞാൻ വിശ്വസിക്കുന്നുണ്ട്.
ഉറുമ്പ് ഇലയെ വിശ്വസിക്കുന്നുണ്ട്. ഇല്ല എന്നെ വിശ്വസിക്കുന്നുണ്ട്. ഞാൻ മാത്രമാണ്....
അപ്പോൾ ഞാൻ മാത്രമാണ് എല്ലാത്തിനും കാരണം.
എങ്കിൽ ഞാൻ കണ്ണടക്കാം.
ഇലകൾക്കിടയിൽ ഉണ്ട്
ഒരു പുള്ളിപ്പുലി.