കണ്ണാടിയുമായി നടത്തുന്ന ആത്മഭാഷണങ്ങൾ

വെളിച്ചത്തിൽ നിന്ന് കുതറി വീണപ്രതിരൂപത്തിന്
ആയിരം നാവ്
അതിനാൽ ഞാൻ  മിണ്ടാതെ ഇരിക്കുന്നു
ഇലകളില്ലാത്ത ഒരു മരം
മണ്ണിനടിയിൽ നിന്ന്
കണ്ണുനീർ പോലും വലിച്ചെടുക്കാനി ല്ലാതെ
വേരുകൾ വലിക്കുന്നു

ഇലകൾ ഇനി ചുവക്കും
ഭൂമി ഉരുളും തോറും
കവിതയിൽ നിന്ന്ആൾക്കൂട്ടങ്ങൾ
അപ്രതീക്ഷിതമായി കാണാതാവും

കണ്ണാടിയിലേക്ക് നോക്കിയപ്പോൾ
ഒരു കാട് കണ്ടു
ജലത്തിലേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങളെ കണ്ടു
മണ്ണിലേക്ക് നോക്കിയപ്പോൾ മീനുകളെ കണ്ടു.
കണ്ണിലേക്കു നോക്കിയപ്പോൾ
വെളുത്ത കൃഷ്ണമണികൾ കണ്ടു

കണ്ണാടിയിൽ ഞാൻ തന്നെയോ ?
2.
പ്രണയത്തെ തൊട്ട്
ഒരു മരം നട്ടു.
പേരുകളിൽ മുള്ളുകൾ പടർന്ന്..

തണ്ട്കളിൽ ഇലകൾ മുളച്ച്
ആകാശത്തേക്ക് വളർന്നു
ദൈവമേ ഒന്ന്ചേർന്ന് ഇരിക്കാമോ
കണ്ണാടിയിൽ കാണുന്ന
എന്നെ നീയും
നിന്നെ  ഞാനും
അറിയുകയേയില്ലേ

ഈ കണ്ണാടിക്കപ്പുറം
നീയോ ഞാനോ ഉണ്ടാവുമോ
കണ്ണാടിയിൽ കാണുന്നവരുടെ
പ്രതിബിംബമാണോ ഞാൻ
3
ഒന്ന് നിൽക്കു
ഇത്ര  വേഗത്തിൽ ഓടരുത്
കണ്ണാടിയിലെ ഞാൻ ഓടുന്നില്ലല്ലോ
പ്രതിബിംബം എന്നോട് പറഞ്ഞതാണിത്.
അമ്പ്കൾ ഊരിയെടുത്ത  നെഞ്ചിലെ
തുളകൾ
നീ മായിക്കണം
കവിളിലെ മുറിവുകളുടെ പോറൽ
ഒപ്പിയെടുക്കണം
കുഴിഞ്ഞ കണ്ണുകളിൽകടൽ നിറക്കണം
ഒഴിഞ്ഞ കാതുകളിൽ ശ0ഖുതൂക്കണം
നിലാവിനെ  അഴിച്ചെടുത്ത്
എന്നെ ഉടുപ്പിക്കണം.

ഓർക്കുക
കണ്ണാടി എന്റെ നഗ്നത കാണരുത്

ദൈവവും ഞാനും കണ്ണാടിയും നടത്തുന്ന സംഭാഷണങ്ങളിൽ നിന്ന്  എന്റെ പ്രതിരൂപത്തെ
ഒന്ന് കൊന്നു തരണം. 

Popular Posts