മരിച്ചതിനു ശേഷം ....

ഞാൻ
ആദ്യമായി നിനക്കെഴുതുന്നു .

വെയിലിനു മുകളിലൂടെ
വായുവിൽ
വാർന്നു കയറിയ
വള്ളിച്ചെടിയുടെ
അറ്റം ചുരുണ്ട മൂക്ക് ...
ഇടയ്ക്കിടെ നമ്മൾ
ഒളിച്ചു നടന്ന
വഴിയുടെ
വിളിപ്പുറത്ത് നിന്ന്
ഏന്തിവന്നു നമ്മെ ഇക്കിളിയിടുമ്പോൾ

ഉറക്കത്തിലൊരു ചെറിയ കിളി
ചെവിയോരത്ത് കൊത്തുമ്പോൾ

തലേ ദിവസം നീ
തിളപ്പിച്ച്‌ വച്ച വെള്ളം
കപ്പ് പൊട്ടിയൊലിച്ച കറ കാണുമ്പോൾ ..

നീയറിയും
ഞാൻ നിന്റെ അടുത്ത് വന്നിരുന്നെന്ന് .

ഞാനൊരു ചിത്രം വരച്ചതാവാമത് ..

മരം പാകിയ തറയിൽ ജലം കൊണ്ട് വരച്ച പാടിൽ നിന്ന്
ചിലന്തികളും
പൂപ്പാത്തികളും
കുതിച്ചു പറക്കും
അപ്പോൾ

പണ്ട്
ഒരു യാത്രയിൽ
കാറ്റത്ത്
ഒരു പൂമ്പാറ്റ വന്ന് നിന്നെ
ഉമ്മ വച്ചത് നീയപ്പോൾ ഓർക്കും .

ചിലപ്പോൾ
ആ പൂമ്പാറ്റയുടെ നിറം
 നീ മറക്കും .
ഇളം മഞ്ഞയായിരുന്നെന്ന് ഞാൻ ഓർമ്മിപ്പിക്കും .

മരണശേഷം എനിക്ക്
പാടാനാകുമോ ?
എനിക്ക് ശബ്ദമുണ്ടാകുമോ ?
അത് നിനക്ക് കേൾക്കാനാവുമോ ?

മഴയിൽ നിന്ന് കടലിലേക്ക് ഞാൻ കാലിട്ടിരിക്കുന്നത്
ഒരു മീനായ് നീ വന്നെന്റെ കാലിൽ കൊത്താനല്ലേ ?

എനിക്കുറപ്പാണ്
മരിച്ചുവെന്നത് എന്റെ തോന്നലാണെന്ന് .

എനിക്ക് നിന്റെ മണം കിട്ടുന്നുണ്ടല്ലോ .
നിന്റെ തൊടൽ കിട്ടുന്നുണ്ടല്ലോ

Popular Posts