തുന്നിക്കൂട്ടിയ ഒരു മൃതശരീരം ആണ് എൻറെത്.

നൂലുകൾ തുളഞ്ഞ ഓട്ടകളിലൂടെ
 ജീവൻ അതിൻറെ ആകാശം തേടുന്നു

 കണ്ണുകളിരുന്നിടത്ത്
കൃഷ്ണമണികളുടെ ആഴക്കുഴികൾ
കടലിലേക്ക്
മുങ്ങിത്താഴുന്ന
ഒരു കപ്പൽ 
തന്റെ യാത്രക്കാരെ 
അതിന്റെ അരികുകളിൽ അള്ളിപ്പിടിപ്പിക്കുന്നു.

നാസാരന്ധ്രങ്ങളുടെ
ഓട്ടകളിലൂടെ പ്രളയജലം
ശിരസ്സിലേക്കും മനസ്സിലേക്കും തലച്ചോറിലേക്കുള്ള
പ്രവേശനത്തിനായി മുട്ടുന്നു.

 പക്ഷികൾ
 ഉപേക്ഷിച്ചുപോയ
 പോയ
കൂട്ടിലേക്ക് എന്നപോലെ
 ജലം സ്വന്തം കണ്ണാടി മിനുക്കുന്നു.


 മുലകൾ കുഴിച്ചെടുത്ത ഇടം
ആഴമുള്ള കുളങ്ങൾ പോലെയാണ്.

 മീനുകൾ വിഷം കുടിച്ചു മരിച്ച നിഴലുകൾ കണ്ട്
കുഞ്ഞുങ്ങൾ സ്വപ്നത്തിൽ
 ഉറക്കെ കരയുന്നു

ഇടക്ക് വന്നുപോയ ജീവൻ എൻറെ നാവിൽ തടയുന്നു.

പിടിച്ചു നിർത്താൻ ഞരമ്പുകൾ  ഇല്ലാത്തതിനാൽ
 പടിക്കൽ വന്നു കാത്തു നിൽക്കുന്ന നായ
 നാണംകെട്ട തിരിച്ചുപോകും പോലെ അത് ഇല്ലാതാകുന്നു.

 എങ്ങനെയായിരുന്നു എൻറെ ശരീരം എന്ന് ഞാൻ മറന്നുപോകുന്നു.

 ചിരിച്ചതിന്റെ വെളിച്ചം....
 എൻറെ കരച്ചിലിന്റെ ഈണം.
 കുതിപ്പുകളുടെ വേഗം...
 ഞാൻ പറഞ്ഞിരുന്ന ഭാഷ....

എല്ലാം ഞാൻ മറന്നു പോയിരിക്കുന്നു.

 ജലത്തിൽ എന്റെ തന്നെ നിഴലായി
 എനിക്ക് ചില്ലിന്റെ
 മണം
ഇല്ലായ്മയുടെ തണുപ്പ്. 

Popular Posts