കറുത്ത നിറം കൊണ്ട് വെളുത്ത പ്രതലത്തിൽ ചിത്രം വരയ്ക്കുന്ന ഒരാൾ....



   
അയാൾ

അന്വേഷിക്കുന്നത്

കറുപ്പോ വെളുപ്പോ

അതോ

ഇരുട്ടോ വെളിച്ചമോ ?

വരയ്ക്കുന്ന

ചിത്രങ്ങളിൽ നിറയെ

വരകൾ വരച്ചുകൊണ്ടു അയാൾ

വെള്ളത്തിലേക്ക് ആഴ്ന്നുപോയ

അയാളുടെ വീടു

ഓർത്തെടുക്കുകയാവാം

ഓരോ ഭാഗവും

ഓർത്തെടുക്കുമ്പോഴേക്കും

ഓർമ്മയുടെ മറ്റേ അറ്റം

വെള്ളത്തിലേക്ക്

മുങ്ങി മുങ്ങിപ്പോകുന്നു



ഓരോ അടരായി

മരണത്തിലേക്ക്

മുങ്ങിപ്പോകുന്ന

ജീവിതവു൦

ഇതേ മാതിരിയായിരിക്കുമോ ?

കറുത്ത നിറം കൊണ്ട്

വെളുത്ത പ്രതലത്തിൽ വരക്കുന്നത്

ചിലപ്പോൾ ഞാൻ തന്നെ ആയിരിക്കുമോ ?

എന്നെത്തന്നെ ആയിരിക്കുമോ ?



"കൈത്തണ്ടയിലെ

ഞരമ്പ് വലിച്ചച്ചൂരിയെടുക്കുമ്പോൾ

ചോര പിടയും പോലോരു പൊള്ളലാണ്

പ്രണയിയുടെ

ഓർമ്മയിൽപ്പോലുമൊന്ന്

തൊടാനാവാതെ...

ശ്വസിക്കാനാവാതെ

പിന്മടങ്ങേണ്ടി വരുന്നത് "



എന്നുപറയുന്ന ആൾ

സ്വന്തം ശിരസ്സ്

മരണം കൊണ്ട് മൂടിക്കൊണ്ട്

പാഞ്ഞു പോകുന്നത് കണ്ടു .

അയാളിനി

എന്റെ സ്വപ്നത്തിലെത്തി

സ്വന്തം കഥ

പറയുമായിരിക്കും



ഇല്ല

അത്ര പ്രാധാന്യമുള്ളതാണ്

മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ

പുഴയൊഴുകുന്ന ജലത്തിന് മുകളിൽ

വഞ്ചിയിൽ

മരത്തടിയിൽ

ഞാനിരിക്കുന്നു

മീനുകൾ ഒന്നാം ജല അടരിൽ

എന്നെ നോക്കുന്നു

നോക്കൂ

എനിക്ക്

ജലത്തെ സ്‌പർശിക്കണം

ആരോ വരച്ച ചിത്രങ്ങൾ

ജലത്തിൽ കുതിരുന്നു

ആരോ മുങ്ങി മരിക്കുകയാണ് .



എന്നിട്ടും

ഞാൻ അവരുടെ ജാതി തിരയുന്നു

ദേശം തിരയുന്നു

നിറം പരത്തുന്നു



എത്ര കഷ്ടമാണ്

ജലത്തിന്

അതിന്റേതായ

പരിമിതികൾ ഉണ്ടല്ലോ

എനിക്കും