3ചിത്രങ്ങള്‍




1
മുറിച്ചു കളഞ്ഞ
മരത്തിന്റെ തായ് തടിയിൽ ഇരുന്ന്
ഒരാൾ
പടർന്നു പന്തലിച്ച
മരത്തിൽ ഇരുന്ന് കൂവുന്ന
പക്ഷിയെ
നോക്കുന്നു
അയാളുടെ കയ്യിൽ
ഒടിച്ചു വച്ച
തണ്ടിൽ
മൂന്നാലിലകൾ .

പക്ഷി ചില്ലലളിലേക്ക്
മറഞ്ഞു
പിന്നെ
ഇലകൾ മാത്രം .
കൂവൽ മാത്രം .
അത് കണ്ടിരിക്കുന്ന
അയാൾ മാത്രം .
2
നടന്നു പോകുന്ന രണ്ട് പേർ ...
സൂര്യൻ
പാതി മുറിച്ച
ഭൂമി .
ദൂരത്തു കാണാം .
നേർത്ത
പച്ചപ്പ്‌ ..
കാഴ്ചയുടെ പിടിവിട്ട്
സൂര്യൻ ....

നടന്നു പോകുന്ന
രണ്ട് പേർ ഇപ്പോഴില്ല .
അവരുണ്ടായിരുന്നു എന്ന
എന്റെ തോന്നൽ മാത്രം
ബാക്കി .
3
മരണത്തെക്കുറിച്ച്
ഓർത്ത് കിടക്കുന്ന
നാലഞ്ച് പേർ .
പെട്ടെന്ന്
പുറത്തു നിന്ന്
ഒരു കിളി കൂവി .
ഒരു വെളിച്ചം
പരന്നു .
അവർ
ആ നിമിഷം
മരണത്തെക്കുറിച്ച്
മറന്നു .
4
രണ്ട് പൂക്കൾ കാണിച്ച്
കുഞ്ഞിനെ ആട്ടിയുറക്കുന്ന
സ്ത്രീ
കുഞ്ഞിന്റെ അമ്മയായിരിക്കുമോ

തെളിയുന്നില്ല
ചിത്രം .
കുറച്ചു കൂടി
ഉറ്റു നോക്കി
കുഞ്ഞ് കിടക്കുന്നത്
തൊട്ടിലിൽ അല്ല  .
ശവപ്പെട്ടിയിൽ
ആയിരുന്നു .
പൂക്കൾ കാണാനാവാതെ
കുഞ്ഞ്
കണ്ണടച്ചു കിടക്കുന്നു


Popular Posts