കുച്ച് ദൂർ ഹമാരെ സാഥ് ചലോ



എവിടെ വച്ചോ കേട്ട പാട്ട്
ഓർത്തെടുക്കാനാവാതെ
തങ്ങളിൽത്തങ്ങളിൽ
തടഞ്ഞു നിൽക്കുന്ന മറവി

"കുച്ച് ദൂർ ഹമാരെ സാഥ്
ചലോ "
മറവി
വിളിക്കുന്നുണ്ട്
നിർബന്ധമായിത്തന്നെ
വരുന്നില്ല എന്ന് പറയുന്നുണ്ട്
നിര്ബന്ധമായിത്തന്നെ .
പക്ഷെ
എപ്പോഴെങ്കിലും
ഓർമ്മ വരുമായിരിക്കും
മരിച്ചുപോയവർ
തൊട്ടുമുമ്പ് വരെ എഴുതി സൂക്ഷിച്ച
കടലാസുകൾ .
പ്ലാസ്റ്റിക് കവറിൽ ചേർത്തൊതുക്കിയ
സ്വപ്നത്തെ

താന്താങ്ങൾ തീർത്ത
ചാടിക്കടക്കാവുന്ന
മതിലുകൾ
കവച്ചു
വളർന്നു നിൽക്കുന്ന പുൽക്കൊടികൾ നോക്കൂ .

കാണുന്നത്രക്കു രസമില്ല അവയുടെ ഉടലുകൊണ്ടുരസൽ
ഒളിപ്പിച്ചു വച്ച അനേകായിരം മുള്ളുകൾ കീറി വരയും മനസ്സിൽ .

എങ്കിലുമവർ ,മരിച്ചതിന് ശേഷം
എഴുതുന്നതൊന്നും എനിക്ക് കിട്ടുന്നില്ലല്ലോ
ഇടക്ക് രാത്രിയിൽ ചെറുപൂക്കളുടെ
സുഗന്ധം പോലല്ലാതെ
മറ്റൊരിടത്തും അവളാ
കവിത കുറിച്ച് വക്കുന്നുമില്ലല്ലോ !

അവളാണോ അന്ന് ആ പാട്ട് പാടിയത് ?

അതാണോ ഓർത്തെടുക്കാനാവാത്തതു ?
മരങ്ങളുടെ നിഴലിലൂടെ
ഇഴഞ്ഞു പോകുന്ന മറവിക്കുമേൽ
ഒരു വെളുത്ത വെളിച്ചം വീഴുമ്പോൾ
തിരിച്ചു വരുമായിരിക്കും
ഒരല്പനേരമെന്നോടൊപ്പമെന്ന
തണുത്ത
മരണത്തിന്നോർമ്മ