എനിക്കുറപ്പാണ് -മരിക്കുമ്പോൾ എന്റെ കവിത കൂടെ വരില്ല
********************
അതങ്ങനെയാണ്
എനിക്കുറപ്പാണ് .
ഞാൻ
മരിക്കുമ്പോൾ
എന്റെ കവിത
കൂടെയുണ്ടാവില്ല .
അതെന്റെ തീരുമാനമല്ല .
കൂടെ വരില്ല എന്നത് അതിന്റെ
തിരഞ്ഞെടുപ്പാണ് .
എന്നെയൊഴിച്ചു
മറ്റാരുടെകൂടെയും അത്
പോകും
താമസിക്കും
എന്നേ വിട്ട് മറ്റുള്ളവരിലേക്ക് പോകാനാണ്
അത്
നിരന്തരo
ശ്രമിക്കുന്നത് .
ഇതെഴുതുമ്പോൾ പോലും
ജനാലപ്പുറത്തെ
പച്ചയിലാണ്
അതിന്റെ കണ്ണ് .
എന്നെ അത്രക്ക് ഒഴിവാക്കുകയാണെന്റെ കവിത .
""എന്നെ എഴുതൂ ..എഴുതൂ "എന്ന്
മുറവിളി കൂട്ടുകയും എഴുതിത്തീരും നേരം
എന്നെ പുറത്താക്കി വാതിലടക്കുകയും ചെയ്യുന്നു .
ഞാൻ
മറ്റൊന്നിനായി
ശ്രമിക്കുന്നു
അതുകൊണ്ടാണ് ഞാൻ
പറഞ്ഞത്
മരിക്കുമ്പോൾ
എനിക്കൊപ്പമെന്റെ
കവിത വരില്ല എന്ന് ...