മരിച്ചവരുടെ വീട്‌




മിണ്ടരുത്‌
ഒരു ഒച്ചയുടെ
ചീളു മതി
ഒരു പൊട്ടിത്തെറിക്ക്‌

ആത്മഹത്യ ചെയ്തവന്റ 
വീട്ടുമുറ്റത്താണു ഞാൻ

ആളുകൾ കയറിയിറങ്ങിയ
കാലടിപ്പതിച്ചിലിൽ
നിശബ്ദത
ചെളി വെള്ളം പോലെ
കെട്ടിക്കിടക്കുന്നു

വായു നിറച്ചു വച്ച
മൗനങ്ങൾ ഉടയാൻ
ഒരു ഞൊടി മതി

          ആരോ പറയുന്നു

ദാ അവിടെയാണവന്റെ 
അച്ഛന്റെ കുഴിമാടം

ഇതു അവന്റെ ഉന്മാദിനിയായ 
പെങ്ങൾ 
ചാടിച്ചത്ത പൊട്ടക്കിണർ

അവന്റെ അമ്മ ഭ്രാന്തിന്റെ
ഇലകൾ നുള്ളുന്ന നാരകം

ഉന്മാദത്തിന്റെ നിലാവു തിന്ന
വീടു വിട്ടിറങ്ങിയ മുത്തശ്ശി 
ഇനിയും തിരിച്ചു വന്നിട്ടില്ല
നോക്കൂ

ഇവയിലേതെങ്കിലുമൊരു മുള 
അവനാണോ

കാറ്റിൽ ഇങ്ങനെ
ഇളകുന്നത്‌ അവന്റെ
അനക്കമാണോ

ഈ ചുവന്ന പൂക്കൾ
അവന്റെ പ്രതിരോധമാണോ

വെയിൽ
നമുക്കു മേൽ തീർക്കുന്ന 
നിഴലുകളിൽ
അവന്റെ മാംസം 
കരിയുന്ന മണമുണ്ട്‌

എനിക്കു തിരിച്ചു നടക്കണം
എന്നുണ്ട്‌

മണ്ണിനടിയിൽ നിന്ന്
എന്റ കാലുകളെ
കോർത്തു വലിക്കുന്ന വിരലുകളെ
വിട്ടു പോകാൻ വയ്യ

വർഷങ്ങലോളം
അവനോടൊപ്പം അലഞ്ഞ 
കാട്ടുമണങ്ങളെ 
ഉപേക്ഷിക്കുക വയ്യ

എന്നെ രക്ഷിക്കാൻ 
അവനെ പൂട്ടിയിട്ടെരിച്ച
അരക്കില്ലങ്ങളുടെ ഓർമ്മ 
കൈവിടുക വയ്യ

അവനു വേണ്ടി ചമച്ച
തന്ത്രങ്ങളിൽ ജയിച്ച
യുദ്ധഭൂമിയിൽ നിന്ന് 
മടങ്ങുക്‌  വയ്യ

മാംസം കരിയുന്ന മണം 
ഇപ്പോൾ
എന്റെ ഉള്ളിൽ നിന്നാണു

അവൻ കുടിച്ച വിഷം കലക്കിയതു ഞാനാണു.

അവനു ശവപ്പെട്ടി 
ഒരുക്കിയതും ഞാനാണു.

പക്ഷേ
ഈ കവിത എഴുതിയത്‌  
ഞാനല്ല
ഈ കവിതയുടെ പേരു 
മരിച്ചവരുടെ വീട്‌ എന്നുമല്ല

ഈ കവിതയെ
വെളുത്തവർക്ക്‌ വേണമെങ്കിൽ 
"കറുപ്പ്‌" എന്നു പേരിട്ട്‌ 
വായിക്കാം

ഞാൻ നിൽക്കുന്നതു 
എന്റെ വീട്ടു മുറ്റത്താണു

ഞാൻ നിൽക്കുന്നത്‌
എന്റെ വീട്ടു മുറ്റത്തു തന്നെയാണു