നിനക്ക് മാത്രം വായിക്കാനുള്ള കവിത

നിനക്ക് മാത്രം വായിക്കാനുള്ള കവിത
************************
നീ മീനല്ലാതായാലും
ഞാനുണ്ടാകും
കടലിലും പ്രണയം കായ്ക്കുന്നൊരു കാടുമുണ്ടാകും .
എനിക്ക് ചുറ്റും നീയുമുണ്ടാകും .
ഇരുളും വെളിച്ചവും പകർന്നു കളിച്ചിടും .
തീരുന്നു മഴക്കാലം .ഇനി വരാം പൊരിവെയിൽ .
കടലുണ്ട് .
ഉണ്ടാവില്ലിതുപോൽ.
കടലിനെ ചേർത്ത് പിടിച്ചുമ്മവെക്കാത്തതിൻ
കുതിപ്പുകൾ തിണർത്തു കിടക്കുമിനി ഭൂമിയിൽ .
നുരഞ്ഞു പതയുമ്പോൾ കടൽ
നീ തന്ന ശ്വാസം നുണഞ്ഞിടും .
നിറയും കടലാഴങ്ങൾ ചേർത്ത് തുന്നിയ പെരുമഴകളാൽ
മറഞ്ഞിടും കടൽപ്പുറ്റ് ..
മൽസ്യമേ ....
നിന്റെ വാലേറ്റു പൊള്ളിയ ഓർമ്മയിൽ .
ഓർക്കില്ല ഞാനീ കെടുതി
ഉയിർപ്പാറ്റി വീഴാത്ത ചാറൽ .
പരസ്പരം കൊലതന്നാസക്തിയിൽ
കത്തിയാഴ്ത്തിയ ആഴങ്ങൾ ..
കടലിലാകാശം പ്രതിധ്വനിക്കും ഛായാചിത്രം
നിന്റെയാശ്ലേഷത്തിൽ പൊടിയും
പ്രാണൻ ആഴിയിൽ മറയുന്ന നിശബ്ദതയായ് മാറും .
പതിയെ പിന്തുടരും
നിന്നിലെ നിഴലിനെ .
ആസക്തി വെടിയേണ്ട .
കുതിക്കൂ ഉടലിൽ നീണ്ടൊഴുകും മുറിവിൽ നീ കുതിക്കൂ ...
ഒരു നിമിഷനേരം ..
നിന്റെ ചുണ്ടിൽത്തട്ടും എന്റെയിളം വാൽ ...
മാറും മീനായ് നീയും ..
ഒഴിഞ്ഞു പോകും ഓർമ്മ .
പതുക്കെപ്പതുക്കെയീ
കടലും മായും .
പിന്നെ നമ്മളും മാഞ്ഞുപോകും .
അത്തരത്തിലാണ് കാഴ്ച
സ്വപ്നവുമതെ പോലെ .
വഴികൾ ചെന്ന് മുട്ടി വഴികളടയും പോൽ .
പ്രണയത്താൽ ഈ കടും കെട്ടഴിച്ചീടാൻ
"പ്രണയ"മെന്നുപോലും
പറഞ്ഞിടേണ്ടതില്ല .
അഴിയും തോറും പരം മുറുകും കരിനീലത്തിരയിൽ പൂക്കും വെളുത്ത നക്ഷത്രങ്ങൾ .
ജലോപരിതലത്തിൽ കടും ചുവപ്പു മഷി തൂകി
കരളിൻ ചോപ്പ് നീയീ കടലിൽ കലക്കുന്നു .
വരിക തരിക നിന്നായുസ്സും മറവിയും .
കരയിൽ കേറിപ്പോയ തിരകൾ വരില്ലെന്നോ ?
ഇനിയുമുണ്ടോ നിഴൽ നാടകം ?
അപരലോകങ്ങൾ തൻ അഹിത കാന്താരങ്ങൾ ?
തിര വരേയ്ക്കും പോകാം .
വരൂ ....
മുഴുകെ മുങ്ങുകില്ല .
അടയാക്കണ്ണുകളിൽ
തിളങ്ങും പരലുകൾ .
വെറുതെ നോക്കി നിൽക്കൂ ....
മൊഴികൾ വേണ്ട
ആഴം പകരും കണ്ണുകളിൽ തെളിയും പ്രണയം ..
അപരലോകങ്ങളിൽ തിളങ്ങും കിനാവിന്റെ
കയങ്ങൾ മുക്കിത്താഴ്ത്തും നിശബ്ദനിമിഷങ്ങൾ ..