തുരങ്കങ്ങളി ലെ വാവലുകൾ


======================
തീവണ്ടി
തുരങ്കത്തിലെത്തിയ തേയുണ്ടായിരുന്നുള്ളു.

ഞാനും നീയുo ഒരുമിച്ച്‌
തുരങ്കത്തിലെത്തിയി ട്ടേയുണ്ടായിരുന്നില്ല

എന്നിട്ടും
ആ ഇരുട്ടിൽ
തുരങ്കത്തിൽ വാവലുകൾ
ഒളിച്ചിരിപ്പുണ്ടെന്ന്
നീ
എവിടെയോ ഇരുന്ന്
എന്നോട്‌ വിളിച്ചു പറഞ്ഞു.

എന്തൊരു കഷ്ടം!
നമ്മൾ ഒരുമിച്ചല്ലല്ലോ തുരങ്കത്തിലെത്തിയപ്പോൾ എന്ന് ആരൊക്കെ സഹതപിച്ചു.

നീ
എന്റെ  കൈ
മുറുകെപ്പിടിച്ചല്ലോയെന്ന്.
ഞാൻ പറയുന്നുമില്ലല്ലോ..
തുരങ്കം എത്ര നീണ്ടതായിരുന്നു!
ഇത്ര മേൽ നമ്മൾ ചേർന്നിരുന്നിട്ടില്ലല്ലോ മുമ്പ്‌...?
അതിനു നമ്മുടെ തീവണ്ടി
തുരങ്കങ്ങളിലൂടെ
പോയിട്ടേ യില്ലല്ലോ..
ഇതൊക്കെ
ഇവരെ
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

നമ്മുടെ
 തീവണ്ടി ഒരറ്റം കൊണ്ട്‌ എന്നെയും മറ്റേ അറ്റം കൊണ്ട്‌ നിന്നെയും
ചേർത്ത്‌ പിടിക്കുന്നത്‌
എത്ര
നിശബ്ദമായാണല്ലേ...

ആളുകൾ ആ സമയം
പുറത്ത്‌ ആരൊക്കെ
മരണപ്പെട്ടു എന്ന് തിരയുകയായിരുന്നു.

ആർക്കൊക്കെ
മുറിവേറ്റു എന്ന് തിരയുകയായിരുന്നു.
നമ്മളാകട്ടെ,
രണ്ട്‌
അതിരുകളിലിരുന്ന്
ഒരേ
തീവണ്ടിയിൽ
 പരസ്പരം പുണർന്ന്
യാത്ര
ചെയ്യുകയായിരുന്നല്ലോ...
നമുക്കു ചുറ്റും കണ്ണാടി മനുഷ്യരായിരുന്നല്ലോ...
നമ്മുടെ തീവണ്ടി
കടലിലൂടെ
ഓടുകയായിരുന്നല്ലോ...
ആ കടലിന്റെ.പേരു നീ എന്നും ഞാൻ എന്നും ആയിരുന്നല്ലോ.

വാവലുകൾക്ക്‌ ഇക്കാര്യത്തിൽ എന്തു ചെയ്യാനാവും