എന്റെ പ്രണയമേ.

1
എനിക്കറിയാം
നീ എന്നെ കേൾക്കുമ്പോൾ
എന്നെ മാത്രം നോക്കുന്ന
നിന്റെ കണ്ണുകളെ
മറ്റാർക്കും കാണാൻ ആവില്ല എന്ന്
ഒറ്റക്ക്‌ ഒരു മേഘം
ഒരു വെയിൽച്ചീളു...
ഒരു കടൽ...
നമ്മളെ കാണുന്നുവെന്ന്
2
മരണം മരണം എന്ന്
 കൊതിപ്പിച്ച്‌ കൊതിപ്പിച്ച്‌
 തൊണ്ടയിൽ 
കനൽക്കുരുക്കൂതിയൂതി 
പ്രണയത്തിൽ നീറ്റുകയാണു കവിത...
അകത്തുമല്ല പുറത്തുമല്ല
ഭൂമിയിലും ആകാശത്തുമല്ല
നീയോ ഞാനുമല്ല
എന്തിനു!
നിഴൽ.പോലുമല്ല
3
കൂകിത്തെളിയുന്ന എന്റെ
 തൊണ്ടയുടെ 
മൃതസൻജീവനിയാണവൻ.

കാണിച്ചു തരാനാവാത്ത 
സാന്നിധ്യങ്ങ്ളിൽ 
മഴ നൃത്തം ചവിട്ടുമ്പോൾ,

പിൻകാറ്റിൻ തൊടലിലൂടെ
 ഉപ്പുകലർന്ന ഒരുമ്മ നൽകുന്നവൻ...
പാറ്റൽത്തണു പോലെ,
എന്റെ മിഴികൾക്കുമേൽ
നിന്റെ ചുണ്ടുകൾ കവിത രചിക്കട്ടെ.
നൂലറ്റങ്ങളില്ലാത്ത
 പട്ടങ്ങൾ രചിക്കുക നാം
.എന്റെ സ്പർശങ്ങളുടെ ഓർമ്മയാകുക.
 നിഴലുകളുടെ ലോകത്തു നിന്ന്
 അരൂപിയായി എന്നെത്തിരഞ്ഞു വരിക. 
നാം പൂരിപ്പിക്കപ്പെട്ടു കഴിഞ്ഞ
 രണ്ടൂ വാക്കുകളാകുക. 

എന്റെ ആത്മാവി ന്റെ 
ദ്വാരങ്ങളെ നീ
 വിരൽ ചേർത്തടക്കുക.
4

എനിക്ക്‌ 

ഇടക്കിടക്ക്‌ 

അഗ്നിയുടെ രുചിയറിയണം..

 ഉടലിൽ ഓരോ രോമകൂപത്തിലും 

ആ ചൂടിൽ ഉരുകുന്ന 

മാംസത്തിൽ നിന്ന് 

ഉരുകിയൊലിക്കുന്ന 

പ്രണയലാവയിൽ കുതിരണം.

..നോക്കൂ ഈ ഇലകൾക്കിടയിൽ 

ഒരിക്കൽ ഞാൻ മരിച്ചു കിടക്കും

.എന്റെ ഉടൽ കണ്ടാൽ 

നിങ്ങൾക്ക്‌ മനസ്സിലാകില്ല.

അത്രമാത്രം പൂത്തു തളിർത്തിരിക്കുമത്‌.


മരണം 

അത്രമാത്രം എന്നിൽ

 പൂത്തിരിക്കും.

മേഘത്തിന്റെ നിറമുള്ള

 ഉടയാടയണിഞ്ഞ്‌..

മഞ്ഞിന്റെ ഇളംവെയിൽപ്പൂവണിഞ്ഞ്‌ 

ഞാൻ മരണത്തിന്റെ പൂമ്പാറ്റകളുടെ

 ഇടയിൽക്കിടക്കും...

ഒരു മനുഷ്യനുമെന്റെ സ്വപ്നങ്ങൾ 

സ്പർശിക്കാനാവില്ല..

..ജീവിതം അത്ര മേൽ 

എന്നിൽ നിന്ന് അകലെയായിരിക്കും... 

ഞാൻ 

ഒരു പൂമ്പാറ്റയായിരുന്നു എന്ന് 

വെളിച്ചം പറയും


5
നിനക്കുള്ള
കത്തുകൾ
ഞാൻ
നിനക്കു മാത്രം
അയക്കാതിരിക്കുന്നു

6
പ്രണയജന്മം

മണ്ണു കുഴച്ച്‌
മരങ്ങളുണ്ടാക്കി
മനുഷ്യനെ
പിന്നെ
മനസ്സുകളെ
കാറ്റിനൊപ്പം പറന്നു
കാറ്റാടിയായി...സ്വയം
ആഴിയിലാണ്ട നഗരങ്ങളിൽ ചെന്ന്
കവിത പാടി
ശ്മശാനങ്ങളിൽ സ0ഗീതം പകർന്നു
ചില നേരങ്ങളിൽ
എന്നെക്കാണാതായപ്പോൾ
തിരഞ്ഞു
ഉടലെരിഞ്ഞ ഭസ്മത്തിൽ
കണ്ടൂ
മുഖഛായ പകർന്നു പോയ
എല്ലിൽ കൂട്‌....
കത്താതെരിയാതെ
ഒരു തകിട്‌
നീ തന്ന പാതിജീവനിൽ
എഴുതാതെ പോയ
കവിത

7
നിനക്കറിയുമോ
ഞാൻ ഒഴുക്കിയ ചോര മുഴുവൻ 
നീ വെന്ത കനലുകളായിരുന്നു.
ഇപ്പോൾ അത്‌ 
സൂര്യകാന്തിപ്പൂക്കളായി
കടലിൽ ചേന്നിട്ടുണ്ടാകും
ആ കടലിന്റെ പേരും
എന്റേതു തന്നെയാണു
8

നിന്നെ
നോക്കി നിൽക്കുന്ന
വസന്തത്തിൽ
എനിക്ക്‌
ഒരു 
ചുവന്ന
പൂവാകണം


9.

എന്തോ ആകട്ടെ
കഴിഞ്ഞ ജന്മത്തിൽ 
നിനക്ക്‌ ഞാൻ
 ഉണ്ടാക്കിത്തന്ന
ആ ഓലപ്പീപ്പി എവിടെ?

10

കനത്ത കോട്ടമതിലുകൾ..
..ചുവന്ന കല്ലുകൾ പാകിയ 
കോട്ട അകത്തളങ്ങൾ...
ദൂരെ ഒരു പ.ൊട്ടു പോലെ താജ്‌ 
.നനഞ്ഞ മണ്ണും വരണ്ട നദിയും
.ഇടക്ക്‌ കോട്ടക്കകത്ത്‌ ഒരു
തത്ത ചിലച്ചു കൊണ്ട്‌ എനിക്ക്‌ വഴി കാട്ടി.


..ജോദ ഇ പ്പോഴും നിന്റെ
പ്രണയം ശ്വസിച്ചു ഈ.അകത്തളങ്ങളിൽ ഉണ്ട്‌...
.ആകാശം കാണാതെ നീ 
അവൾക്കായ്‌ ഉയർത്തിയ 
ഈ കോട്ടക്കുള്ളിൽ നിന്ന് 
അവൾ എനിക്ക്‌ 
ഒരു പനിനീർപ്പൂവിതൾ നീട്ടി
 ..ഞാൻ അത്‌ നിനക്ക്‌.തരുന്നു

11

ആലീ.
..നീ കൂടെയില്ലാത്ത യാത്രകൾ
..നമുക്കു കാണാൻ വേണ്ടി മത്രം
 നട്ട കടലിലേക്ക്‌..
നമുക്കു നീന്തിത്തുടിക്കാൻ വേണ്ടി മാത്രം 
നാം കുഴിച്ചെടുത്ത കടലിലേക്ക്‌ 
ഞാൻ ഊളിയിടുന്നു..
വിദൂരത്തിരുന്ന്
 കടലില്ലാത്ത നഗരത്തിൽ വച്ചു 
നീ ഞാനാകുന്ന കടലിനെ
 കുടിച്ചു വറ്റിക്കുക

12
ഓരോ യാത്രയിലും
നീ കൂടെപ്പോരുകയാണു..
പിന്നിലേക്ക്‌ ഓടിപ്പോകുന്ന നിഴലിനെപ്പോലെ...
ഓരോ
ഓർമ്മയും ഞാൻ തന്നെ ഓർമ്മിച്ചതാണു...
മറന്നു മറന്നു പോകരുതേ എന്ന്
മിണ്ടാതിരുന്നു കൊണ്ട്‌

13
"എന്റെ പ്രണയമേ....
പകൽനക്ഷ ത്രങ്ങൾ
എന്നോട്‌ പറയുന്നത്‌
നീ വെളിച്ചം പകർന്ന 
എന്നെ കുറിച്ചാണല്ലോ

14
തുഴഞ്ഞ്‌..തുഴഞ്ഞ്‌
ഞാൻ എത്തുമ്പോഴേക്കും
ഈ മഴ
തോർന്നു പോകുമോ...
ഈ കടൽ വറ്റിപ്പോകുമോ...
ശബ്ദങ്ങളില്ലാതെ നീ എഴുതുന്ന കവിതകളിൽ....
എനിക്ക്‌ പ്രതിധ്വനിക്കണം...
ശബ്ദമില്ലാതെ തന്നെ

15
നിന്റെ പേരു 
ഞാൻ
"മിന്നൽ"
എന്ന് മാറ്റിയെഴുതുന്നു

16
ദൈവമേ....
പ്രണയമേ .....
കവിതേ...
ഞാൻ
 എത്ര 
നിസ്സഹായയാണു...

17

ചുണ്ടോരം വരെ
 വന്ന് 
മടങ്ങിപ്പോയ 
ഉമ്മകളാണു 
പച്ചിലകളായ്‌
 തളിർക്കുന്നത്‌

18

ശിശിരത്തിന്റെ
 വിറക്കുന്ന മതിലുകളിൽ പിടിച്ച്‌ ഞാൻ
 നിന്നിലേക്ക്‌ ഉറ്റു നോക്കുന്നു
..ആലീ...കടൽത്തിരകൾ കൊണ്ട്‌
 നീ ഉണ്ടാക്കിയ മാല
 ഇന്ന് ഞാൻ എന്റെ
 മെലിഞ്ഞ കഴുത്തിൽ അണിയും.
.കടൽ ഇന്ന്
 അസ്തമയത്തിന്റെ കഥ പറയുകയേ ഇല്ല..
.എല്ലാ മുറിവുകളെയുo മായ്ച്ച്‌ 
ഇന്ന് ഒരു തിര വരും..
.പൂമ്പാറ്റകളു ടെ സ്വപ്നത്തിൽ

19.
നിന്റെ 
ഞരമ്പിലൂടെ
 ഒഴുകുന്നതു 
എന്റെ ചോരയാണു

20

ഇ.സി ജി റൂം
ആകാശം,പക്ഷികൾ...
മയക്കത്തിൻ തണുപ്പ്‌
ജഗ്ജിത്‌ സിംഗ്‌ന്റെ ഗസൽ
"ഉന്മാദത്തിന്റെ ചുണ്ടുകൾ കൊണ്ട്‌
ചുംബിക്കുക
എന്റെ ഗാനം അനശ്വരമാക്കുക"

21
എന്റെ പ്രണയമേ..
നീ
എന്നെ ചുംബിക്കും മുമ്പ്‌
എങ്ങനെയായിരുന്നോ
ലോകം
ഇപ്പോൾ അങ്ങനെയേ അല്ല

22
ഇത്രയും കറുത്ത
വെളിച്ചത്തിൽ
ഈ മണൽക്കാട്ടിൽ
ഒറ്റക്കു നിൽക്കാൻ
പറ്റാത്തതുകൊണ്ടാണൂ
കണ്ണടക്കുമ്പോൾ
ഉണ്ടെന്നും
കണ്ണു തുറന്നാൽ
ഇല്ലെന്നുമുള്ളത്‌
ഒട്ടും സത്യമല്ല
എന്നുള്ളതിനാലാണു
എന്നോ
മരണപ്പെട്ട
പൂമ്പാറ്റയോട്‌
ഞാൻ
ഇനിയും
മിണ്ടാത്തത്‌

23

ജീവിതം
 മുറിച്ചു കടക്കാൻ
നിശബ്ദതയേക്കാൾ 
വലിയ ഒരു പാലം 
വേറെ 
ഏതുണ്ട്‌

24
പ്രണയത്തിന്റെ
ഭിത്തിയിലെ
ജനാലകൾ
 തുറന്നിടൂ.....
സ്വാതന്ത്ര്യത്തിന്റെ
 ആകാശം കാണൂ...
 അതിനു
 പ്രണയത്തിനെവിടെ
 ഭിത്തികൾ?

25

നീയും കവിതയുമായി എനിക്ക്‌ എന്നെ കാണാതാവുന്നു

26
ഒന്നും ചോദിക്കരുത്‌...
ഒന്നും മിണ്ടരുത്‌..
പതുക്കെ കുനിഞ്ഞ്‌
എന്റെകൺ പീലികളിൽ ഒന്നു തൊടുക
എന്റെ വിരൽത്തുമ്പിൽ
ഒരു മുൾമുന കൊണ്ട്‌ കുത്തുക...
എന്നെ ഭൂമിയോട്‌ ചേർത്ത്‌ പുണരുക
ഞാൻ ഒരു ചോരത്തുള്ളിയായി
ചീറ്റിത്തെറിച്ചോട്ടെ....
ഞാൻ കാറ്റിന്റെ നിഴലായി ഒലിച്ചു പൊയ്‌ക്കോട്ടെ...
എന്നാലും
ഒന്നും ചോദിക്കരുത്‌...
നീ തൊട്ടിടം പൊള്ളുകയാണു.

27

എന്റെ പ്രിയനേ

കാറ്റ്‌ പതിഞ്ഞു നിൽക്കുന്ന 
ഒരിടമുണ്ടാകാം

കണ്ണടക്കാതെ
നോക്കി നിൽക്കാൻ തോന്നുന്ന
നിന്റെ ചുണ്ടോരങ്ങളിൽ
എത്ര ഉമ്മ വച്ചിട്ടും
തീരാത്ത പാൽമണം

വെയിൽ
 വരാനിനിയെത്ര ദൂരമെന്ന്
ഓരോ പൂവും മിണ്ടാതിരുന്ന്
നെടുവീർപ്പിടും പോൽ...
പതുക്കെയായിരിക്കാം
മഴ വരുന്നതും
ശ്വാസം നിലക്കുന്നതുമെന്ന്
ഒരില മറ്റൊരിലയോട്‌....

നീ പറഞ്ഞിട്ടില്ലെങ്കിലുമെനിക്കു കേൾക്കാം.

നീയോർക്കുമ്പോഴേയെനിക്കറിയാം

എത്രയോ ജന്മങ്ങൾ
മരമായി നിന്നെക്കാത്തു
വേരുറച്ചതിൻ
ഓർമ്മ മാത്രം മതി
പ്രണയമേ..
നിന്നെ
ഓർക്കുമ്പോഴേ....
കടലാകാൻ


28

എന്റെ പ്രണയമേ.....


എന്റെ പ്രണയമേ.....
നിനക്ക്‌ ഞാൻ 
പൂമ്പാറ്റകളുടെ ഉ
മ്മകൾ കൊണ്ടു പൊള്ളിയ
 മയിലിന്റെ പീലികൾ തരാം..
കത്തിക്കരിഞ്ഞ
 വിരലുകൾ എഴുതുന്ന 
കവിത തരാം

ഉറക്കത്തിൽ മരിച്ച കുഞ്ഞുങ്ങൾ 
എന്നോടു മാത്രം പറഞ്ഞ 
വരികൾ 
പറഞ്ഞു തരാം
നിന്നിൽ നിന്ന് അടർന്നു പോയ
ആത്മാവു എന്നിലേക്ക്‌ 
ചേക്കേറുന്നതിന്റെ 
തീരെ ചെറിയ ഒച്ച കേൾപ്പിക്കാം
നിന്റെ കാതിലേക്ക്‌ 
എന്റെ മരണത്തിന്റെ പാട്ട്‌
 ഞാൻ മൂളിത്തരാം
പൂമ്പാറ്റകളായും ആമ്പലുകളായും
എന്റെ ജീവൻ
 വീണ്ടും മുളക്കുന്നതു 
നിനക്ക്‌ കാണാം

29

എന്റെ പ്രിയനേ...
*************************
നീയെന്റെ തൊട്ടടുത്ത്‌
ഒരു മുൾമുനയേറ്റു പൊടിഞ്ഞ
പ്രണയമായുണ്ട്‌...
കാറ്റിന്റെ ജനൽ ഒന്നു തുറന്നാൽ 
ഒരു പക്ഷേ കാണുന്നത്രക്കടുത്ത്‌...
മേഘങ്ങൾ ഒന്നു പൊടിഞ്ഞാൽ 
നമ്മെ മൂടിയേക്കും 
അത്രക്കദൃശ്യരായി
നാം പരസ്പരം

 തൊട്ടു തൊട്ടിരിക്കുന്നതെങ്ങനെ


30
നീ കിടന്നുറങ്ങിയിടത്ത്നിന്ന് 
ഒരു പുഴ 
കുതിച്ച്‌ ഒഴുകും
അതു നീ തന്നെ
 എന്നു കരുതി
 വേണം
എനിക്കതിൽ മുങ്ങി മരിക്കാൻ...

31

സ്വപ്നം
അതു കാണുന്ന ഞാൻ
അതിൽ നീ..
നിന്റെ സ്വപ്നത്തിൽ
 നീ 
കടിച്ചുമ്മവച്ച 
എന്റെ കറുത്തു നീലിച്ച ചുണ്ടുകൾ
സ്വപ്നത്തിനു പുറത്തു
നീ പെയ്ത രാത്രി.
ഉണർന്നിരിക്കുന്നു പകൽ...ഇപ്പോൾ 
തുറന്നിരിക്കുന്ന കണ്ണുകൾ 
 നിന്റെ സ്വപ്നത്തി ലേക്ക്‌
ഊളിയിടും


32
പൂക്കളോട് ഞാൻ എന്ത് പറയും?
    

ഇരുട്ടിൽ
 ജലം തിളങ്ങുന്നതു പോലെ 
ഞാൻ എന്റെ വഞ്ചി 
നിന്നിലേക്കാഴ്ത്തുന്നു
ഒരു ചില്ല് കഷ്ണം   തച്ചുടച്ച സംഗീതത്തിൽ
 വെള്ളം തുള്ളിച്ച ഓർമ്മകൾ .....
നേർത്ത ഒരു കൊടുംകാറ്റ്.............. 
...അതിന്റെ  സ്വപ്നങ്ങളിൽ 
  നമ്മളുടെ    മരണം  നട്ടു വച്ച പോൽ...
 നമ്മെ നിർത്തിക്കൊണ്ടു...
പാഞ്ഞു പോകുന്ന വഴികൾ......
പാഴ്പാത്രത്തിലേക്കു വലിച്ച്  എറിഞ്ഞവയിൽ
പൂക്കളും
 പഴങ്ങളും 
വെള്ളാരം കല്ലുകളും ഉണ്ട്
നനഞ്ഞ ചില്ലുകൾ
എന്റെ കാലടികളിൽ ഒട്ടിപ്പിടിക്കുന്നു
പുതിയ  ദിവസം 
വീണ്ടും വീണ്ടും പുതിയതാവുന്നു
നിന്റെ രാത്രികൾ ചെമ്പോത്തുകളെ   പോലെ
എന്റെ ദുസ്വപ്നങ്ങളെ  ചുംബിച്ചു.....
വെളുത്ത നിലവാക്കുന്നു  
ഈ പർവ്വതത്തെ ഞാൻ എന്ത് വിളിക്കും?
ഉണങ്ങിപ്പോയ ഇതളുകൾ നീട്ടി കരയാൻ ഒരുങ്ങുന്ന   

പൂക്കളോട് ഞാൻ എന്ത് പറയും?


33

.എന്റെ നഗരത്തിനും നിന്റെ കടലിനും ഇടയിൽ
ഈ മുള്ളു വേലി പടർത്തിയിരിക്കുന്നത്‌ ആരാണു?

നമിക്കിടയിലെ അദ്രുശ്യമായ ഈ പാലം?

പ്രവേശന കവാടങ്ങളില്ലാതെ 
നിന്റെ തെരുവുകൾ 
ചോര ചേർത്തടച്ചത്‌
 ആരാണു?

പുറത്തു കടക്കാൻ 
ഒരു ദ്വാരം പോലും അവശേഷിപ്പിക്കാതെ 
നിന്റെ ആത്മ)വിനെ
 വരിഞ്ഞു കെട്ടിയിരിക്കുന്നത്‌ 
ആരാണു?

നിന്റെ കവിത ഉച്ചത്തിൽ
ചിരിക്കുമ്പോൾ...
നിന്റെ ചുണ്ടുകൾ പ്രണയിക്കുമ്പോൾ.... കൃഷ്ണ മണിയോളം തടയുന്ന ഈ  വാൾ ആരുടേത്‌?





34

ഒറ്റക്ക്‌
ഒരു മേഘം..
ഒരു വെയിൽച്ചീളു
ഒരു കടൽ

എനിക്കറിയാം 
നീ എന്നെ കേൾക്കുമ്പോൾ
എന്നെ മാത്രം നോക്കുന്ന 
നിന്റെ കണ്ണുകളെ 
മറ്റാർക്കും കാണാൻ ആവില്ല എന്ന്

ഒറ്റക്ക്‌ ഒരു മേഘം
ഒരു വെയിൽച്ചീളു...
ഒരു കടൽ...
നമ്മളെ കാണുന്നുവെന്ന്


35
എന്റെ പ്രണയമേ...

കൊടുങ്കാറ്റു പോലെയായിരുന്നു അത്‌.
 നീ എന്നെ ഏതു പെരു മഴകളെയാ
ഓർമിപ്പിക്കുന്നത്‌ എന്നറിയില്ല.
പക്‌ഷേ 
നിന്റെ കണ്ണുകൾ തിളങ്ങുമ്പോൾ...
പ്രണയത്തിന്റെ ഉള്ളരുവികൾ
നിന്നിൽ നിറയുന്നത്‌ ....
എന്നിലേക്ക്‌ അത്‌ ഒഴുകുന്നത്‌ ...
ഞാൻ അനുഭവിക്കുന്നുണ്ട്‌.
ഒരു വൈദ്യുതി പോലെ 
ഞാൻ ആ ഞരമ്പിലൊന്നു 
തൊട്ടു പുളയുന്നുണ്ട്‌. 
നീ എന്റെ ആകാശങ്ങൾക്ക്‌
 അടുത്തിരിക്കുമ്പോൾ

 നിന്റെ സ്വപ്നങ്ങളുടെ ഉടൽ
 എന്നിൽ പ്രണയത്തിന്റെ 
തീപ്പൊരികൾ ജീവനാൽ 
എരിച്ചെടുക്കുന്നത്‌ ഞാനറിയുന്നു.
ഞാൻ നിശബ്ദയാകുന്നു.

നി ന്റെ കൈവിരലൊന്നു തൊടാൻ 
ഞാൻ ആത്മാവുകൊണ്ട്‌ കുതിക്ക്കുകയായിരുന്നു.
കൊടുംകാറ്റു പോലെതന്നെയായിരുന്നു അതു 
ആൾക്കൂട്ടത്തിനിടയിൽ നിന്ന് 
നിന്റെ കണ്ണുകൾ 
എന്റെ കണ്ണുകളിലേക്കു മാത്രം നോക്കുന്നു.
ഞാൻ മരണം മണക്കുന്ന 
തീവണ്ടീയിലായിരുന്നു.
 നിന്റെ കണ്ണുകൾ 
നിറഞ്ഞു പോകുമോ എന്ന് 
ഞാൻ ഭയന്നു...
നീ എന്റെ ചെറുവിരൽ പിടിച്ചു.
ഭൂമിയിൽ ഭൂകമ്പങ്ങൾ നിലച്ചു .
ഏതു കടലിൽ നിന്നും 
കര കേറാനാകുമെന്ന് എനിക്ക്‌ തോന്നി
അതു പ്രണയമായിരുന്നു.
ഞരമ്പുകൾ ഊറിക്കൂടി 
ജീവനിൽ നിന്ന് 
ജീവനിലേക്ക്‌ പടരുന്ന പ്രണയം


എന്നിൽ 
 എന്റെ പാട്ടിൽ നിന്ന് 
ഞാൻ നിന്റെ മരണം 
മായ്ചു കളയുന്നു.
മൗനത്തി ന്റെ തോടു പൊട്ടി
ഒരു മുട്ട പൊട്ടി പടരുന്നു. 
അതിൽ നിന്ന് നീ
എന്റെ കുഞ്ഞായി പിറന്നു 
കൺപീലികൾ അനക്കി.


എന്റെ പ്രണയമേ.....
ഇമയടക്കാനാവാത്ത 
കൺകളിൽ നിന്ന് 
ഈ ജീവജലം
ചുംബിച്ചെടുക്കുക


36


എന്റെ പ്രണയമേ... എന്റെ പ്രണയമേ...
ഇനിയും പുലരാത്തതെന്ത്‌ രാത്രി?
നിന്റെ ഉമ്മ വീണ 
കവിൾത്തടത്തിൽ
കണ്ണീരുറഞ്ഞു കിടക്കുന്നു
ഒരു വെയിൽച്ചീളിനാൽ
അതൊപ്പിയെടുക്കുക


37

എന്റെ പ്രണയ മേ.... പകൽനക്ഷത്രങ്ങൾ 
എന്നോട്‌ പറയുന്നത്‌
നീ വെളിച്ചം പകർന്ന
എന്നെകുറിച്ചാണല്ലോ


38 എന്റെ
 കവിതകളിലേക്ക്‌ വരിക...
പ്രതിധ്വനിക്കുക...
ഉമ്മകൾ കൊണ്ട്‌ നിറഞ്ഞ
 കടലിൽ
വാക്കുകളാകുക


39
നിന്റെ 
ചുണ്ടുകൾ 
പാറിവീണല്ല 
എന്നിലേക്ക്‌ 
ഉമ്മകൾ
 ഉണ്ടായത്‌
 എന്ന്
 ഞാൻ 
വിശ്വസിക്കുന്നു

40

നിന്നിൽ നിന്ന് 
ഞാൻ എങ്ങും പോകില്ല
 എന്ന്
എന്നെ മൂടുന്ന
 നിന്റെ ഈ നിഴൽ
 എന്നോട്‌ പറയുന്നുണ്ട്‌

41

ഭൂമിയിലെ എന്റെ 
ഏറ്റവും 
വലിയ രഹസ്യം
നീയാണു.
എന്നിൽ നിന്ന് പോലും 
ഞാൻനിന്നെ
 ഒളിപ്പിക്കുകയാണു.

42
നിന്റെ രക്തം മുഴുവൻ
എന്റെ ഞരമ്പുകളിലേക്ക്‌...
എന്റെ രക്തം മുഴുവൻ
 നിന്റെ ഞരമ്പുകളിലേക്ക്‌...
ഹാ...
എത്ര അനാദൃശ്യമായിരിക്കും
നമ്മുടെ പ്രണയം


43
നിന്നെ നോക്കി നിൽക്കുന്ന വസന്തത്തിൽ 
എനിക്ക്‌
 ഒരു ചുവന്ന
പൂവാകണം


44
കടലാണു കടലാണു
 എന്ന് 
എത്ര പറഞ്ഞു...!
എന്നാലും ശരി ,
വേലിയേറ്റം വരെയെങ്കിലും...
എന്ന് 
നീ തന്നെയല്ലേ
പറഞ്ഞത്‌!

45


നിനക്കറിയുമോ
ഞാൻ ഒഴുക്കിയ ചോര മുഴുവൻ 
നീ വെന്ത കനലുകളായിരുന്നു.
ഇപ്പോൾ അത്‌ 
സൂര്യകാന്തിപ്പൂക്കളായി
കടലിൽ ചേന്നിട്ടുണ്ടാകും
ആ കടലിന്റെ പേരും
എന്റേതു തന്നെയാണു



46
കണ്ണാടിയിലേക്കു നോക്കുമ്പോൾ 
ഒരു കത്തി എന്റെ നേർക്ക്‌ നീളുന്നു
ഒരു കൈ എന്റെ തൊണ്ടക്കുഴിയിൽ അമരുന്നു
എനിക്കു ചുമലിലേറ്റാനുള്ള കുരിശ്‌
ഞാൻ തന്നെ പണിയുന്നു.

47
 


ഒരു മഷിത്തണ്ട്‌ പോലെ
എന്റെ ഉയിരിനെ നീ ഒപ്പി യെടുത്തിരിക്കുന്നു
 
48
 
 എന്റെ പ്രണയ മേ
നിന്റെ പ്രണമെന്നെ 
ഒരാൽമരമാക്കുന്നു
എപ്പോഴെങ്കിലും
അതിനടിയിൽ പോയിരുന്നു
നിനക്ക്‌
ബോധോദയം
വരുമെന്നും
എനിക്കറിയാം
എന്നാലും
ആ ആൽമരത്തിൽ 
ഒരു പ്രണയക്കുരുക്കിൽ
ആത്മഹത്യ ചെയ്യാൻ
ഞാൻ ഒരുക്കമാണു
 
49
 

യാതൊന്നിലേക്കും
ഒറ്റക്ക്‌ നടക്കുകയായിരുന്നില്ല നീ

എന്നിലേക്ക്‌ നീ
 നടന്നെത്തിയതും
നിന്നിലേക്ക്‌ ഞാൻ 
നടന്നെത്തിയതും
ഒറ്റക്കായിരുന്നില്ല
മരങ്ങളെ ഉടുത്ത ഒരാൽമരക്കൂട്ടം
കാടു തേടിപ്പോകും പോ ലെയായിരുന്നു 
അതു
ഇരുട്ടിലേക്ക്‌ നാം ചേർന്നു കിടക്കുകയായിരുന്നു.
നിലാവിന്റെ ഒരു നൂലിഴ 
നമ്മുടെ ഉടലുകളെ വേർത്തിരിച്ചു

കിളികളുടെ ശബ്ദങ്ങളില്ല
കറുത്ത ഇരുട്ടിൽ നമ്മുടെ
ഹൃദയ മിടിപ്പുകൾ പരസ്പരം ഞരമ്പുകൾ കോർത്തു.
ആരുമറിഞ്ഞില്ല.
നീയും
ഞാനും പോലും
നക്ഷത്രങ്ങൾ വീണുകിടക്കുന്ന സ്വപ്നങ്ങളിൽ
നീയൊരു കൊച്ചു കുഞ്ഞായി ഉറങ്ങി.
പെട്ടെന്നൊരു മിന്നൽ
നമ്മളെ ഉണർത്തി.
കൺ ചിമിഴുകൾക്കുള്ളിൽ ഒറ്റു ചന്ദ്രക്കല തിളങ്ങി.
മിന്നലിന്റെ തൊടുവട്ടത്തിൽ
സ്വപ്നത്തിൽ കണ്ട പൂവിന്റെ കവിളിൽ നീ ഒരുമ്മ വച്ചു.

എന്റെ ഉടൽ വിട്ട്‌ ജീവൻ
കടലിൽ ആഴ്‌ന്നു പോയ്‌.
 
50
 

ഒരിക്കലും മാഞ്ഞു പോകാത്ത മുറിവുകൾ

നീയെന്നെ നിരായുധയാക്കിയിരിക്കുന്നു
ഒരിക്കലും മുറിവു കൂടാത്ത വിധം
എന്റെ ആത്മാവിനെ
നീ നെടുകെ മുറിച്ചിരിക്കുന്നു
ഉണങ്ങിയ ചോര കൊണ്ട്‌
"നിന്റെ പ്രണയ "മെന്ന്
എന്റെ ഉയിരിൽ എഴുതി ച്ചേർത്ത്‌ നീ 
ആകാശത്തെ കയ്യിൽ എടുക്കുന്നു
 ആ നിമിഷത്തെക്കുറിച്ച്‌
എനിക്ക്‌ ഓർക്കാനേ വയ്യ
ഒന്നു പറയുമോ
 അതെങ്ങനെയായിരുന്നെന്ന്
എന്റെ ഓരോകൺപീലിയിലും
നിന്റെ ജീവൻ ഇരച്ചു കയറിയത്‌ 
എത്ര പെട്ടെന്നാണു.

എന്നെ നിരായുധയാക്കിക്കൊണ്ട്‌
നിന്റെ പ്രണയത്തിന്റെ ആയുധങ്ങൾ
എനിക്കു മീതേ
മേഘങ്ങളെപ്പോലെ ഉയർന്നു നിൽക്കുന്നു.

ഇനി എനിക്ക്‌
നിന്റെ ആയുധങ്ങൾ വേണം
ജീവൻ നിലനിർത്താൻ
 
51

ബുദ്ധനോട്‌

എന്റെ പ്രണയമേ...
എന്നെ നിരായുധയാക്കരുത്‌
വാക്ക്‌
ശബ്ദം
അനക്കം
ഇവയൊന്നും നീ എന്നിൽ നിന്ന് പറിച്ചെടുക്കരുത്‌
എന്റെ ചുണ്ടുകളിൽ ചുംബിക്കരുത്‌
എന്റെ മുടിയിഴകളെ
വിടർത്തിയെടുക്കരുത്‌
പിന്നീട്‌
നീ തൊടാതെ...
നീ ചുംബിക്കാതെ
എന്റെ ജീവിതം 
നിരർത്ഥകമായേക്കും
 
52
 

എന്റെ പ്രണയമേ...

എ ന്റെ പ്രണയമേ...
ഇനിയും പുലരാത്തതെന്ത്‌ രാത്രി?
നിന്റെ ഉമ്മ വീണ 
കവിൾത്തടത്തിൽ
കണ്ണീരുറഞ്ഞു കിടക്കുന്നു
ഒരു വെയിൽച്ചീളിനാൽ 
അതൊപ്പിയെടുക്കുക
 
53
 
 
അബോധം
***************
വല്ലാത്ത തെളിച്ചം
സ്വപ്നത്തിൽ നീ വരും പോലെ
തിളങ്ങുന്ന വെളുപ്പ്‌
കടൽ നീല
ഏറെ വെള്ളി വരകൾ
എന്നാൽ,
ഉറക്കം തീരെത്തീ രെ
കടൽ ചുരുങ്ങുകയാണു.
ഒരേ സ്വപ്നത്തിൽ
പല പല നീ.
മേഘം തൊടാനാഞ്ഞ കാറ്റ്‌
പൂക്ക ളെ വരക്കാൻ വെമ്പിയ വിരൽ...
വിണ്ടു കീറിക്കീറി...
നീറ്റലകലാതെ....
തിരയടങ്ങാതെ....
വീണ്ടും വീണ്ടും മറവി...

മഴക്കാലം,വേനൽ,വസന്തം
ഇല പൊഴിച്ചിൽ
മറവിയിൽ തളിർത്തു
വീണ്ടും പൊടിയിലകൾ

സ്വപ്നത്തിൽ നീയുമായെത്തി
യക്ഷ ന്റെ മേഘം.
എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ 
പെരുമഴയാകാൻ
കുതിച്ചു 
നിന്നോടൊപ്പം തന്നെ.

ഉണർച്ചയിൽ തെളിഞ്ഞേക്കാം
സ്വപ്നം
നീ,നിദ്രയിൽ
പർവ്വതങ്ങളിൽ നിന്ന്
എന്റെ പേരു ചൊല്ലി വിളിച്ചേക്കം...
.ബോധത്തിലേക്കുള്ള തിരിച്ചു യാത്രയിൽ 
കവിതയല്ലാതെ ഒന്നും
കൂ ടെയെടുത്തില്ല.

രാത്രി
അ ബോധത്തിന്റെ ഇരുൾ പടർന്ന്
കവിതയിലില്ലാത്ത നിറത്തിൽ
വീണ്ടും ഉറക്കം മയക്കം ഉന്മാദം

തിരിച്ച്‌ ബോധത്തിലെത്തുമ്പോൾ...
കരുതുന്നു.
അബോധത്തിലിൽ എത്തിയത്‌ നീയോ...
നിന്റെ സ്വപ്നമോ
 
54
 
 
 വാഴ്‌ത്തപ്പെട്ടവനു
============

എന്റെ മുതുകിലേറ്റിയ
കുരിശുകളെ
തൂവൽ ക്കൊതുമ്പുകളാക്കി.
പുഴയും കടലും
ചേരുന്ന വരകളിൽ അടച്ചുറപ്പിച്ച കളിമണ്ണിളക്കി
ഭൂഗണ്ഡങ്ങൾ കുഴച്ചു പണിതു
എന്നിട്ട്‌
ഓർമ്മകളിൽ നക്ഷത്രമുന കൊണ്ട്‌
വരച്ചു ചേർത്ത
ആകാശങ്ങളെ എന്റെ
ചുണ്ടുകളിലൊട്ടിച്ചു
    2
എനിക്കും നിനക്കുമിടയിൽ ഒരു ദൈവവും വെളിപ്പെട്ടില്ല
ഒരു കടലും പിളർന്നില്ല
ഒരു പർവ്വതവും കാറ്റിലുയർന്നില്ല
ആരുടെ വായ്ക്കുള്ളിലും
സൗരയൂഥം തെളിഞ്ഞില്ല
ഒരപ്പവും വീഞ്ഞായില്ല
എന്നിട്ടും നീ വാഴ്ത്ത പ്പെട്ടവനാകുന്നു
എ ന്റെ നാവിലാണു നി ന്റെ പേരു ഉച്ചരിക്ക പ്പെടുന്നത്‌
        3
നിനക്കു മുല തരുമ്പോൾ
കവിയാകുന്ന
പെണ്ണാണു ഞാൻ
 
55
 
 ചില നേരങ്ങളിൽ ഉടലിൽ കടൽ മുളപ്പിച്ചാണു
അവൻ വന്നത്‌
ലോകത്തിലെ ഏറ്റവും വലിയ
പ്രണയ കവിത ഞാൻ എഴുതിക്കഴിഞ്ഞിരിക്കും അപ്പോൾ
ഞാൻ

വെളിച്ചം അധികരിച്ച്‌ ഇരുട്ടാവും പോലെ,
കാഴ്ചയില്ലാത്ത
കണ്ണുകൾ കൊണ്ട്‌ 
അതൊക്കെ വായിച്ചെടുക്കുകയാവും
 ഞാൻ അപ്പോൾ.

ഇനി വരുന്ന നിമിഷം
മരണത്തിന്റെ  ന്ന് നിനക്ക്‌യും പോലെ...
ഇനി വരുന്നത്‌ എന്റെ ഊഴമെന്ന് കൊതിക്കും പോലെ...
വാക്കിൽ നിന്ന് എന്നെ കൊളുത്തടർത്തി മാറ്റും പോലെ...
തന്നെയാകണം...
എന്റെ പേരു ഒരിക്കലും
നേരെ പറയാനറിയാത്ത
പക്ഷിക്ക്‌ ഒരു അരിമണി കൊത്തിത്തിന്നാൻ കൊടുക്കും പോലെ..
ഞാൻ എന്റെ പേരു മാറ്റുമ്പോലെ ഒക്കെയോ....
 

56
മറന്നു പോകുന്നു എന്നതു കൊണ്ടാണു
ഓർമ്മ ഇത്ര മേൽ സുതാര്യമായതു
മറവിയെ ഒരു ചില്ലുകൊണ്ട്‌ കീറിയാൽ
നാം രണ്ട്‌ തരികളിൽപ്പിടിച്ച്‌
തൂങ്ങിക്കിടക്കും.
താഴെ ആളിക്കത്തുന്ന തീയാണെങ്കിലും നമ്മൾ പരസ്പരം പുഞ്ചിരിക്കും.
ആത്മാവു..തൊങ്ങലുകൾ തൂക്കിയിട്ട
മരണത്തെ നോക്കി
സന്തോഷിക്കും പോൽ...
നീ വെളിച്ചമാണെന്ന് ഞാനും.ഞാൻ വെയിലാണെന്ന് നീയും പരസ്പരം
വെളിപ്പെട്ടുകൊണ്ടിരിക്കും.

57

 
ഓർമ്മകൾ നഷ്ടമാകാത്ത
   രണ്ടു  ആത്മാക്കൾ 
ആലിംഗനം ചെയ്യുന്നത്   പോലെ...
നിന്റെ സ്വപ്നത്തിൽ നിന്ന് ഞാൻ urangi           eneettu     

ഇലപ്പച്ചകളെ കാറ്റ് കീറി കീറിയെടുത്ത
ഓർമ്മകൾ പോലെ
ലോകം ആകെ നിറഞ്ഞു കവിഞ്ഞു
 അത്ര നാൾ വരെയും
 ഞാൻ ഉറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നുവെന്ന് 
അത്രയും നാൾ ഞാൻ മറവികളിൽ പടർന്നൊലിച്ചു
ആകാശമല്ലാതൊരാകാശതിൽ       
ഇല്ലാവള്ളി പോലെ....
ഇല്ലാപ്പച്ച പോലെ....
ഇല്ലാക്കയറ്റം പോലെ...

എന്റെ ഓര്മ്മ
നിന്റെ കൈകളില
ഒളിഞ്ഞു കിടന്നുറങ്ങുന്ന
പർവ്വതത്തിന്റെ കരച്ചിൽ പോലെ....
ചുരുണ്ട് ഉറങ്ങുന്നുണ്ടായിരുന്നു 

ഭൂമിയില മഴ പെയ്തു
കാറ്റടിച്ചു 
കൊടും പേമാരികൾ വീശി
നിറങ്ങള പടര്ന്നു  
കടൽ   കുതിച്ചു  
നിറഞ്ഞു
കവിഞ്ഞു

മീനുകൾ 
കണ്ണുകൾ   തുറന്നു  തന്നെ  നമ്മളെ  കണ്ടു 

മരങ്ങള
ആകാശത്തേക്കു     കൈകൾ വിരിച്ച്
നമ്മുടെ ശ്വാസം പിടിച്ചെടുത്തു

മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന 
മരിച്ചു പോയവരുടെ സ്വപ്‌നങ്ങൾ
മണ്ണിനടിയിൽ നിന്ന് കൊണ്ടു തന്നെ
ജീവിതത്തെക്കുരിച്ചുല്ല       പാട്ടുകൾ പാടി
വരികളും അക്ഷരങ്ങളും ഒച്ചകളും ഇല്ലാത്ത    
 ആ പാട്ട്നമുക്ക് മാത്രം മനസ്സിലായി

നാം ആകാശത്തു പറക്കുന്ന പക്ഷികളായി മാറി

ഭൂമി വീണ്ടും നമ്മെ   വിളിച്ചു
ഭൂമിയിൽ ഓര്മ്മകളെ 
കവിതകൾ എന്ന് വിളിച്ചു
നമ്മൾ കവിതയെ പ്രണയം എന്നും 
എത്ര  പെട്ടെന്നാണ് നാം തീർപ്പുകളിൽ എത്തുന്നത്‌ 

കടലുകളില്ലാത്ത്ത നഗരത്തിൽ 
നമുക്ക് കാണാൻ മാത്രം 
നാമൊരു കടൽ കുഴിച്ചു

സൂര്യൻ അസ്തമിക്കും വരെ
നാം ആ കടൽ കണ്ടു
നഗരവളവുകളിൽ ഇരുന്നു

രാത്രിയില നാം ആകടൽ നമ്മുടെ സ്വപ്നങ്ങളിലേക്ക് നട്ടു വച്ചു
നിഗൂടതകളിലൂടെ ആ കടൽ 
ഉപ്പുവെള്ളം തെറിപ്പിച്ചു ഒഴുകി നടന്നു 
ഉയിരിന്റെ അങ്ങേയറ്റത്ത് കൂടി
ഒലിച്ചു ചെന്ന് ഉമ്മ വച്ചു് നനയിച്ചു

ആരുമെഴുതാത ആ കവിതക്കുള്ളിൽ
ആരോ  കാണുന്ന   സ്വപ്നത്തിൽ    
നമ്മൾ ചുരുണ്ടുറങ്ങി 

വിളിക്കുമ്പോൾ ഓടിപ്പോകുന്ന കുന്നുകളും
അര്ദ്ധരാത്രിയിലെ മയിലുകളും
ഒഴിഞ്ഞ കാണി ക്കസേരകളുള്ള      കായൽക്കരയും
നമ്മുടെ സ്വപ്നത്തിലേക്ക്  എത്തി    നോക്കി

നമ്മുടെ നഗ്നതകളിൽ പൂക്കൾ വിരിയുന്നത് കണ്ട്
അസൂയപ്പെട്ടു തിരിച്ചു പോയി
ഭൂമിയിൽ അഗ്നി പർവ്വതങ്ങൾ പൊട്ടുകയായിരുന്നു
ആൾക്കൂട്ടങ്ങൾ കൂട്ടത്തോടെ എരിഞ്ഞ്  ഒടുങ്ങുകയും   
കുഞ്ഞുങ്ങളെ   കൂട്ടത്തോടെ കാണാതാവുകയും ചെയ്തു

നിറങ്ങൾ മാറി മാറി വരികയും
മുഖങ്ങളിൽ     മൃഗങ്ങളുടെ തേറ്റകള്
കൊമ്പുകളും പല്ലുകളും മുളക്കുകയും ചെയ്യുന്നുണ്ടായിരുന്നു 

നിലാവിന് വേണ്ടി ആരൊക്കെയോ 
നിലവിളിക്കുകയും സമരം ചെയ്യുന്നുണ്ടായിരുന്നു  

നാം തിടുക്കപ്പെട്ടു ഒരു പൂമൊട്ട് ഇറുത്തു എടുത്തു  
നമ്മുടെ പ്രണയം കൊണ്ടു 
ഭൂമി കഴുകി വെടിപ്പാക്കാൻ
 ആകാശം ധൃതി കൂട്ടി
നീ 
എന്നെ 
ചുംബിച്ചപ്പോൾ
എത്ര പെട്ടെന്നാണ് 
ഭൂമിയിൽ 
നക്ഷത്രങ്ങൾ വിരിഞ്ഞത്

58

കവിതയിലൊരു സ്വപ്നം

ഞാൻ ഭൂമിയിൽ നിന്നു തീവണ്ടി കയറുകയായിരുന്നു
പേരറിയാത്ത ഏതോ ഗ്രഹത്തിലേക്ക്‌
കവിതകൾ നിറച്ച ഉണങ്ങിയ പഴങ്ങള്,
സ്വപ്‌നങ്ങൾ നിറച്ച ജല സംഭരണികളും
ഉറുമ്പുകളെ പോലെ എന്നെ പിൻ തുടര്ന്നു

ചെമ്പരത്തികൾ മാത്രം പൂക്കുന്ന വീട്ടിൽ നിന്നായിരുന്നു യാത്ര
പരസ്പരം മിണ്ടാതെ
രണ്ടു മുറികൾ
രണ്ടിടങ്ങളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ടു
നിലക്കടല കൊറിച്ചു
ആ രാത്രി പെട്ടെന്ന് മഴ പെയ്തു
ഇരുട്ടിൽ ഞാൻ പാട്ട് പാടി
പ്രണയത്തിന്റെ നിലാവ്
ചെറു വിരൽ തൊട്ടു
വെളിച്ചം വരവായി എന്ന് സമാധാനിപ്പിച്ചു

ഏകാകിയായ കവി,തന്റെ ഏകാന്തതയെക്കുറിച്ച്‌
പറഞ്ഞു കൊണ്ടേ ഇരുന്നു
മഴ,ഇരുട്ടിൽ
സ്വന്തം പേര് മറക്കാതിരിക്കാൻ
തുടരെ തുടരെ ഉരുവിട്ടു

പ്രണയമില്ലാതെ, കണ്ണുകൾ കൊണ്ട് എന്ത് കാര്യം എന്ന്
മഴ നനഞ്ഞു കൊണ്ടു തന്നെ
ചെമ്പരത്തികൾ മന്ത്രിച്ചു

ഇരുട്ട് മുറിച്ചു  എന്റെ പാട്ട് നിന്നെ
കടലിനെ കുറിച്ച് തന്നെ ഓർമ്മിപ്പിച്ചു കാണും
നീ വീണ്ടും വീണ്ടും എനിക്ക്
കടലിനെ ചൂണ്ടിക്കാണിച്ചു

പെട്ടെന്ന് കവിയുടെ മുഖച്ഛായ മാഞ്ഞു പോയി

''എല്ലാ മതിലുകളും''...... എന്ന് കവിതയിലെഴുതിയ
മറുനാടൻ കവി
മുങ്ങി മരിച്ച കഥ ഓർമ്മ വന്നു
കഴുകനെപ്പോലെ ,മഴയിൽ മറഞ്ഞു വന്നു
അതിർത്തികളെ കൊത്തിപ്പറന്നു പോയ
കഴുകനെ ഓര്മ്മ വന്നു

കുഞ്ഞു മരിക്കുമ്പോൾ
ഇറച്ചി തിന്നാനല്ല
കുഞ്ഞ് മരിക്കാതിരിക്കാനാണ്
അന്ന് ഞാൻ ആ മരുഭൂമിയിൽ കാത്തിരുന്നത് എന്ന്
അത് തേങ്ങി തേങ്ങി പറഞ്ഞു

ആരും ആരെയും ഇത്ര പ്രണയിക്കരുതെയെന്നു
നിന്റെ കണ്ണുകൾ എന്നെ   നെഞ്ചോടു ചേർത്ത്
നിന്റെ ഓർമ്മകൾ എന്റെ ഭൂമിയിൽ
മയിൽപ്പീലികൾ ആയി
ഇരുട്ട് വെളിച്ചമാല്ലാത്ത മറ്റിടങ്ങളെ
ഒളിപ്പിച്ചു വക്കും പോലെ
പേരറിയാത്ത ഏതോ ഗ്രഹത്തിലേക്ക്‌ കവിതകൾ നിറച്ച മുറിവുകളുമായി
തീവണ്ടി കയറുകയായിരുന്നു ഞാൻ
 
59
 
 
Com