Tuesday, October 4, 2016

എന്റെ മുടിക്കെട്ട്‌ അഴിഞ്ഞു കിടക്കുകയല്ല
==========
കവിത-രോഷ്‌നിസ്വപ്ന
എന്റെ മുടിക്കെട്ട്‌ അഴിഞ്ഞു കിടക്കുകയല്ല
എന്റെ ഉടലിൽ നിന്ന് രക്തം കലർന്ന മണ്ണു ഇനിയും തുടച്ചു കളഞ്ഞിട്ടില്ല.
എന്റെ ഉടലിലേക്ക്‌ തുറിച്ചു നോക്കിയവർ
എന്റെ പാട്ടിനു വരമ്പു തീർത്തവർ
എന്റെ ചിറകുകളിൽ വിഷം പുരട്ടിയവർ
ഇപ്പോഴും പൊട്ടിച്ചിരിക്കുകയാണു
ആ ഭാഷ എനിക്ക്‌ മനസ്സിലാക്കേണ്ടതില്ല
എനിക്ക്‌ എങ്ങനെയെങ്കിലും ജീവിച്ചാൽ പോര
എനിക്ക്‌ പാടണം
പരാതി പ്പെടണം
കടലുകളെയും മേഘങ്ങളെയും
ചേർത്തു കെട്ടണം
തെരുവുകളിൽ പൂക്കുന്ന
നക്ഷത്രങ്ങളിൽ തലവച്ചുറങ്ങണം
മനുഷ്യരെ ജീവനോ ടെ ചുട്ടു കൊല്ലുന്ന നഗരമാണിത്‌
ചക്രവ്യൂഹങ്ങളിൽ ആണുഅക്ഷരം വേവുന്നത്‌
കാറ്റുണ്ട്‌
ചതിയും പകയും മണക്കുന്നത്‌
പക്ഷേ..
എന്റെ മുടി അഴിഞ്ഞു കിടക്കുകയല്ല
യുദ്ധാവസാനം ഒഴുകി വരുന്ന ചോരയിൽ
കഴുകിയെടുത്ത്‌
കെട്ടി വക്കാനുള്ളതല്ല അത്‌
മരിച്ചു പോയവരുടെ
പാട്ട്‌ കേട്ടുലയാനുള്ളതുമല്ല.
മണ്ണി ലേക്ക്‌ ചേർന്ന്
അടഞ്ഞു കിടക്കുന്ന ഈ
വാതിലുകളൊന്ന് തുറക്കാമോ
ഒരിത്തിരി കാറ്റ്‌?
ഒരു മണൽത്തരി?
ഒരു തുണ്ട്‌ മഞ്ഞു?
ഇത്രയും മതി
നിങ്ങൾ വിഷം തന്നാലും കുടിക്കാൻ ഞാൻ ഒരുക്കമാണു.
ജലത്തേക്കാൾ വലിയ കണ്ണാടിയില്ലല്ലോ
മരിക്കാനുള്ള തീരുമാനത്തേക്കാൾ വലിയ ജീവിതമില്ലല്ലോ
ഇന്നലെയാണു ഉത്തരവു വന്നത്‌
ചുണ്ടുകളിൽ പ്രണയം പുരട്ടരുത്‌
വിരലുകൾ മണ്ണിലേക്കമർത്തരുത്‌
മഴ കൊള്ളരുത്‌
ഉടൽ വിറക്കരുത്‌
പരാതിപ്പെടരുത്‌
ചിരിക്കരുത്‌
ഭൂതകാലത്തെക്കുറിച്ച്‌ പറയരുത്‌
ഓർമ്മക ളേയരുത്‌.
എന്റെ മുടി അഴിച്ചുലച്ചത്‌
ആ ഭൂതകാലമാണു
ഒന്നും പറയാനില്ലെങ്കിൽ
ഒന്നും പ്രതീക്ഷിക്കാനില്ലെങ്കിൽ
മരങ്ങൾ എന്തിനാണു പൂക്കുന്നത്‌?
നീ യെന്തിനാണു കവിത ചൊല്ലുന്നത്‌?
നിന്റെ കണ്ണുകളിലെ ഏകാന്തതയെ
ഉമ്മ വച്ചു തണുപ്പിക്കാൻ
ഏതു യുദ്ധത്തിനാണു കഴിയുക?
നിൽക്കൂ....സാധിക്കും
നിന്റെ കണ്ണുകളിലൊന്നു തൊടാൻ
നിന്റെ മെലിഞ്ഞ വിരലുകളിലൊന്നുമ്മ വക്കാൻ...
ഈ ചുവരുകൾ അനുവധിക്കുന്നില്ല
ചില്ലുപോലെ സുതാര്യമാണത്‌
എന്നിട്ടും അതിന്റെ ഒളിഞ്ഞ അടരുകളിൽ നിന്ന്
സിംഹങ്ങൾ ഗർജ്ജിക്കുന്നു
എവിടെ നിങ്ങൾ പറഞ്ഞ അവതാരങ്ങൾ?
ഒരു മിന്നൽപ്പിണർ കൊണ്ട്‌
ഭൂമിയെ മാറ്റിമറിക്കുന്ന ക്ഷോഭങ്ങൾ?
ജലത്തിനു മുകളിലൂടെ
നിർഭയനായി
അവനെ നടത്തിച്ചതു ഞാനാണു.
എന്റെ മുലപ്പാൽ കുടിച്ചാണവൻ അരൂപിയായത്‌.
എന്റെ പാട്ടു കേട്ടാണവൻ
നിർഭയനായത്‌
എന്റെ പ്രണയത്തിൽ നിന്നാണവൻ യുദ്ധത ന്ത്രങ്ങൾ മെനഞ്ഞതു
ഒരു ആക്രോശങ്ങൾക്കും ഒതുങ്ങാത്ത
ആത്മാവാണു അവന്റേത്‌.
പതിനായിരങ്ങൾ എറിഞ്ഞു കൊന്ന
ഉടലാണവന്റേത്‌
അവനു നടന്നലയാനുള്ള തെരുവുകൾ
ഇനിയും
പണിതുയർത്തിയിട്ടില്ല.
കരുതിയിരിക്കുക.
എന്റെ തലമുടി
അഴിഞ്ഞുലഞ്ഞു കിടക്കുകയല്ല