ആരാധിക്കപ്പെട്ട പശുവിന്റെ ആത്മഗതം
==============
കലാപങ്ങൾ ഒന്നും പറയുന്നില്ല
അതു നിങ്ങളുടെ
അസ്വാരസ്യങ്ങൾക്ക്‌ നേരെ
തുറിച്ചു നോക്കും
ഒരു ലജ്ജയുമില്ലാതെ....
വക്ര ദൃഷ്ടിയോടെ...
അനാവരണം ചെയ്യപ്പെട്ട
നിങ്ങളുടെ ചിരിപോലെയാണത്‌
ഒരിക്കലെനിക്ക്‌ ഒരമ്മയുണ്ടായിരുന്നു
എന്നോടൊപ്പം അവൾ
ഹൃദയമിടിപ്പുകൾ നട്ടു വച്ചു.
ഞാനവൾക്ക്‌ സ്വപ്നങ്ങളും പൂക്കളും പാലും നൽകി
അവൾ കൺപീലികൾ തന്ത്രികളാക്കി മാറ്റി
ഞാനവൾക്ക്‌ സംഗീതം സമ്മാനിച്ചു.
അവൾക്ക്‌
കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല.
എനിക്കുണ്ടായിരുന്നു
അവൾ എന്നെ ഊട്ടി
അവൾ സ്വന്തം ഉടൽ എരിച്ചു കളഞ്ഞു
ഞാൻ അവൾക്ക്‌ പുനർജ്ജന്മം വാഗ്ദാനം ചെയ്തു.
ഗർഭപാത്രത്തോടൊപ്പം
ഞാൻ അവളെ അനുഗ്രഹിച്ചു.
എനിക്ക്‌ മനസ്സിലാകുന്നില്ല.
എനിക്കും അവൾക്കുമിടയിൽ
എവിടെയാണു നിങ്ങൾ പറയുന്ന
ദൈവവും സ്ത്രീയും തമ്മിലുള്ള ബന്ധം?
പെട്ടെന്ന്
നിങ്ങൾ എന്റെ കണ്ണുകൾക്ക്‌ മുന്നിൽ
ഒരു വിളക്കു കത്തിച്ചു വച്ചു
എന്നിട്ട്‌ അമ്മേ എന്നു വിളിച്ചു.
( അമ്മ എന്നു വിളിക്കാൻ നിർബന്ധിതരായി)
പക്ഷേ എനിക്കെന്റെ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടിരുന്നു.
എനിക്കെങ്ങനെ ക്ഷമിക്കാനാകും?
നിങ്ങളുടെ വിരലുകൾ ചോരയിൽ കുതിർന്നിരുന്നു.
നിങ്ങളുടെ ചോരയും ശ്വാസവും
എന്റെ കുഞ്ഞുങ്ങളെ ഞെരിച്ചു കളഞ്ഞു അവർക്ക്‌ ദാഹിച്ചിരുന്നു.
നിങ്ങൾക്കെങ്ങനെ ഒരു
ചുഴലിക്കാറ്റുപോലെ പാടാനാകുന്നു?
നിങ്ങൾക്കെങ്ങ നെ ഭക്ഷണം കഴിക്കാനാകുന്നു?
പ്രസംഗിക്കാനാകുന്നു?
കൊല്ലാനാകുന്നു?
അതും നിങ്ങളുടെ പെൺകുഞ്ഞിന്റെ     
മൃതശരീരത്തിനു മുന്നിൽ വച്ചു?
എപ്പോഴൊക്കെ നിങ്ങൾ
എന്നെ കാണാൻ വരുന്നോ....
അപ്പോഴൊ ക്കെ
ഞാൻ കണ്ണുകൾ കൂർപ്പിച്ച്‌....
കാലുകൾ വേരു റപ്പിച്ച്‌...
ഞാൻ ഇങ്ങനെ തന്നെ നിൽക്കും.
പക്ഷേ....
നിങ്ങൾ എന്നെ വീണ്ടും വിളിക്കുന്നല്ലോ...
അമ്മ എന്ന്.
എന്നെ ഊട്ടിയവളാരുമാകട്ടെ
മുസ്ലീമോ...പാർസ്സി യോ...
ആരും...