സ്വപ്നം എന്നകുട്ടി ഉടൽ എന്ന കവിതയോട്‌
------------------------
രോഷ്‌നി സ്വപ്ന
-----------------------
എഴുതുമ്പോൾ ഒട്ടും വളവുകൾ വേണ്ട.
വടിവുകളും.
നീണ്ട വരകൾ പാടേ ഉപേക്ഷിക്കുക.
കുറുകിയ വട്ടങ്ങളോ വരകളോ
വേണ്ട.

അതു
തിരിഞ്ഞു നോക്കുന്ന വള്ളികളും
ദീർഘങ്ങളും
ഏതു ഭാഷയെയും
കവിതയെയും
ഒ ട്ടൊന്ന് അന്തം കെടുത്തും.
മൃത ശരീരത്തിനു കാവൽ നിൽക്കുന്ന
ആളോട്‌ ഏതു ഭാഷയിലാണു
കണ്ട സ്വപ്ന ത്തെ ക്കുറിച്ചു പറയുക?

ഉറക്കത്തിന്റെ അങ്ങേ അറ്റത്തു നിന്ന്
ആരോ തന്നെ കടലിൽ എറിയുകയായിരുന്നു എന്ന്
മരിച്ചവൻ വിളിച്ചു പറഞ്ഞാലോ?
!
സ്വപ്നം എന്ന കുട്ടിയാണു ഞാൻ
ഉടൽ എന്ന കവിതയാണു നീ.
ഈ ഉടൽ ആരു ടെയാണു എന്നു
ചോദിക്കുമ്പോഴെക്കും
കണ്ണുകളിൽ നിന്ന്
ഇറ്റു വീഴുന്ന പച്ചിലച്ചാറുമായി
ബുദ്ധനും ക്രിസ്തുവും ഓടിവരും.
ആരുടെയും നോട്ടം എനിക്കിഷ്ടമല്ല.

നിശ്ശബ്ദ്ധതയുണ്ടോ കൊടുക്കാൻ?

നോക്കു മ്പോൾ..
കണ്ണൂകളിലേക്കു നോക്കാത്തതെന്തു?
സ്വപ്നം എന്ന കുട്ടിയാണു ഞാൻ ..
തീരെ ചെറിയ പെൺകുട്ടി.
ഉടൽ എന്തെന്നറിയില്ല.
പക്ഷെ.....
അതിനു
പൂമ്പാറ്റകളു ടെ
മണമാണെന്നും...
പൂക്കളുടെ മാർദ്ദവമാണെന്നും
അറിയാം
എന്റെ പെട്ടിയിൽ
ഒരു ഉരുളൻ കല്ലുണ്ടു.
ഉടൽ എന്ന കവിതക്ക്‌
സ്വയ രക്ഷക്ക്‌ വേണമെങ്കിൽ എടുക്കാം.

ഉടൽ എന്ന കവിത സ്വയം
എഴുതപ്പെടില്ലല്ലോ....
ഉടൽ എന്ന കവിതയെ
ആരും എഴുതുകയുമില്ലല്ലോ..

സ്വപ്നം എന്ന കുട്ടി
ഒരിക്കലുമതു
വായിക്കുകയുമില്ലല്ലോ...

Popular Posts