Wednesday, March 28, 2012


ഉസ്താദ് റാഷിദ് ഖാന്‍ പാടുമ്പോള്‍

രോഷ്നി സ്വപ്ന
വാക്കില്‍ത്തുടങ്ങി, നോക്കിലെത്തി
നോക്കിനപ്പുറം പോകുന്ന അനന്തശൂന്യത
നീയോ...ഞാനോ...എന്ന്
ചെവിയില്‍ ഉസ്താദ് റാഷിദ് ഖാന്‍ പാടുന്നു.
അപ്പോളോര്‍ത്തു
വാക്കുകള്‍ കൈയടക്കിയ ജന്മങ്ങള്‍
മഴവക്കുകൊണ്ടു കീറി...കാറ്റൂത്തേത്ത് വരഞ്ഞ്...
മേഘം കുടഞ്ഞുടല്‍ ചുരുങ്ങിയ കാലം-
ഓര്‍മയിലൂടെ തുളഞ്ഞുപോയപ്പോള്‍...
കാറ്റ് ഇലയോട് ജാതി ചോദിച്ചു
പൂവ് വേരിനോട് നിറം ചോദിച്ചു
കുന്ന് ഭൂമിയോട് വംശം ചോദിച്ചു.
എന്റെ ആത്മാവിന്റെ വിപ്ലവമാണ്
ഞാന്‍ പെയ്യിക്കുന്ന മഴ
എന്നുറക്കെപ്പറഞ്ഞുകൊണ്ട്
2മയക്കോവ്സ്കിയുടെ കവിതയില്‍നിന്ന്
കത്തിത്തെറിക്കാറായ ഒരു വാക്കുണ്ട്
തോക്കിന്റെയുണ്ടപോലെ...
ഇനീഷ്യല്‍ തെറ്റിക്കല്ലേ...
വിപ്ലവം കവിതക്കുമപ്പുറം നിന്നു കത്തും.
ഒറ്റക്ക്, ഞാന്‍ മാത്രം കണ്ടെത്തിയ ഒരു പഴയ വീണ,
മണ്ണിനടിയില്‍പ്പുതഞ്ഞുകിടന്ന്
അലസതയുടെ പുതിയ സൂത്രവാക്യങ്ങള്‍
എഴുതിയെടുക്കുകയാവും.
''ആവോ...എനിക്കറിയില്ല'' എന്നുപറയാന്‍കൂടി
എന്റെ നാവില്‍ വാക്കില്ലാതായല്ലോ...
ഭാഷയില്ലാതായല്ലോ!
ഒരു കവിക്ക് ഊഹിക്കാവുന്നതിലപ്പുറമാണ്
വാക്ക് വാക്കിനോട് ചെയ്യുന്ന ക്രൂരതകള്‍!
ആയിരത്തില്‍നിന്ന് തിരിച്ചെണ്ണുമ്പോള്‍
സ്ത്രീവാദം, നരവംശശാസ്ത്രം
കാടുസന്ദര്‍ശനം...വെള്ളച്ചാട്ടത്തിന്റെ മീറ്റര്‍...
എല്ലാം നിരക്കും.
ചിലപ്പോള്‍, മാനഭംഗംചെയ്യപ്പെട്ട ആണ്മയിലുകള്‍
പീലിമുറിച്ചിട്ട്, വിവസ്ത്രരായി
സമരംചെയ്ത കഥ ഓര്‍മവരും.
അതുമല്ലെങ്കില്‍, കൂടെ നടന്ന കുഞ്ഞിനെ
കാണാതായതായിത്തോന്നും.
3ഇരുട്ടിനെ ഇരുട്ടുകൊണ്ട് കവി
തുടച്ചെടുത്തല്ലോയെന്ന് തോന്നും.
വാക്കിനെക്കുറിച്ച്
കൂടുതല്‍ ആലോചിക്കുമ്പോഴേക്കും
ജീവപര്യന്തം ലഭിച്ച കവി വിളിക്കും
കടന്നുപോന്ന ജന്മങ്ങളില്‍ കേട്ട ഒച്ചകള്‍
തീമഴകളായി പുനര്‍ജനിച്ച കഥപറയും.
നടന്നുപോയപ്പോള്‍,
മുഖം കളഞ്ഞുപോയി എന്നുപറയും
അടുത്ത ജന്മത്തില്‍
വധശിക്ഷതന്നെ ലഭിക്കണേയെന്നു പ്രാര്‍ഥിക്കും.
തത്തകള്‍ പാടുന്നത് ജര്‍മന്‍ ഭാഷയിലാണോ?
എഴുത്തച്ഛന്റെ കിളി പാടുന്നത് ഏതു ഭാഷയില്‍?
അല്ലെങ്കില്‍ എഴുത്തച്ഛനെഴുതിയത്
ജീവിതംകൊണ്ടല്ലേ
കറപിടിക്കാതെയൊഴുകുന്ന
രക്തം കണ്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് അപ്ലോഡ് ചെയ്യാമോ?
പണ്ട് നെരൂദ പരിതപിച്ചതുപോലെ,
തെരുവുകളില്‍ ഒഴുകുമായിരുന്നില്ല.
കടലിന്നടിയില്‍ ആര്‍ക്കും ശ്വാസം മുട്ടുമായിരുന്നില്ല.
വാക്കും അങ്ങനെതന്നെ
പറഞ്ഞുകഴിഞ്ഞും എഴുതിക്കഴിഞ്ഞും
പലതും ബാക്കിവെച്ചുകാണണം.
പറയാനിരുന്ന വാക്ക്
ഏതുറക്കത്തിലാണ് കളഞ്ഞുപോയതെന്നറിയില്ല.
ഉറക്കം തീര്‍ന്നോ
ഉണര്‍ന്നോ
ഞാന്‍തന്നെയാണോ ഉറങ്ങിയത്
കണ്ടത് എന്റെ സ്വപ്നംതന്നെയായിരുന്നോ
പാടിക്കൊണ്ടേയിരിക്കുന്നു
റാഷിദ് ഖാന്‍.
1. ഉസ്താദ് റാഷിദ് ഖാന്‍ - ഹിന്ദുസ്ഥാനി ഗായകന്‍
2. മയക്കോവ്സ്കിയുടെ 'വിപ്ലവം' എന്ന കവിത
3. സെബാസ്റ്റ്യന്‍ -ഇരുട്ട് പിഴിഞ്ഞ്