ഓര്മ്മയില് ഒറ്റയ്ക്ക് നില്ക്കുന്ന നഗരം--------
------------------------------------------------------------------
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഓര്‍മ്മകളില്‍ ഒറ്റയ്ക്ക് നില്ക്കുന നഗരം .............
അതിന്റെ ഓര്‍മ്മകളില്‍ എന്തായിരിക്കും എന്ന്?
മടിയില്‍ നിന്ന് ഊര്‍ന്നു ഇറങ്ങിപ്പോയ സമുദ്രത്തിന്‍റെ ഓര്‍മ്മ?
ചിലപ്പോള്‍
ഒരുമിച്ചു പൂത്ത പൂന്തോട്ടങ്ങള്ക്ക് മേല്‍ കറുത്ത മഴകള്‍ അടര്‍ന്ന ഒടുവിലത്തെ
സായന്തനം?
ശിരസ്സിനു മുകളില്‍ ഇപ്പോഴും...ഏകാന്തമായി എരിഞ്ഞുകൊണ്ടിരിക്കുന ഒരു അനാഥ മേഘം?
എല്ലാ പുല്ക്കൊടികളും എല്ലാ നാവുകളും
മരണം മരണം എന്ന് മാത്രം പറഞ്ഞ പകലുകള്‍?
പകലോ രാത്രിയോ എന്ന് തിരിച്ചറിയാതിരുന്ന കാലങ്ങള്‍??
കാലമോ ,സമയമോ എന്ന് വേര്തിരിച്ചറിയാന് സാധിക്കാത്ത ഒരു സ്വപ്നം?
തലകീഴായി ചിതറി തെറിച്ച സായാഹ്നം?
സൂര്യന്‍ ചന്ദ്രനിലേക്കും
ചന്ദ്രന്‍ സൂര്യനിലേക്കും പടര്ന്നു....
നിഴലുകള്‍ മുഴുവന്‍ ഈയലുകള്‍ ആയി...
ആളുകള്‍ പക്ഷികള്‍ ആയി..
ഭാഷകള്‍ മുഴുവന്‍ പൂമ്പാറ്റകള്‍ ആയി....
നഗരം വിട്ടു പോയ ദിവസം?
മരങ്ങളും ,മരം കൊത്തികളും പാട്ടും പേടിയും പോയി ഒളിച്ചതെവിടെ?
പഴയ കവിതയില്‍ നിന്നിറങ്ങി നഗരത്തില്‍ ഒളിച്ച പൂതം..
വടക്കന്‍ പാട്ടിലെ പാണന്‍?
തീയില്‍ കുരുത തെയ്യം?
എല്ലാം....
ഓര്‍മ്മകളില്‍ നിന്ന് ഇറങ്ങി ഓടുന്നത് നഗരം ഓര്ക്കുന്നുണ്ടാവുമോ?
പണ്ട് കായല്‍ നിന്ന മാറിടം ആണ് താന്‍ എന്ന് അറിയാതെ തെങ്ങുന്നുണ്ടാവുമോ?
അവിടം മുളംകാടുകളും പാട്ടും പൂങ്കുയിലുകളും
ആയിരുന്നെന്നു വിതുംപുന്നുണ്ടാവുമോ?
എല്ലാം ഒരിക്കല്‍ ഒടിപ്പോയതല്ലേ എന്ന് ഓര്‍ക്കാതെ ഓര്‍ക്കുന്നുണ്ടാവുമോ?
ആകാശത്തോളം പണിതു ഉയര്‍ത്തിയപ്പോള്‍
ഞെരിഞ്ഞു പോയ
പുല്ലുകള്‍ പുല്‍ച്ചാടികള്‍ തുമ്പകള്‍,ഞെരിഞ്ഞില്‍ മുള്ളുകള്‍..............
നഗരമായി മാറിയപ്പോള്‍
മണ്ണിനടിയില്‍ വെട്ടേറ്റു വീണ വാക്കുകള്‍...
മനുഷ്യര്‍....അവരുടെ സ്വപ്‌നങ്ങള്‍....
ഉറക്കത്തില്‍ അവര്‍ പാടിയ പാട്ടുകള്‍...
ഉണര്‍ച്ചയില്‍ അവര്‍ പണിത കുടിലുകള്‍.... മതിലില്‍ വരച്ച ചിത്രങ്ങള്‍....
എല്ലാം ഒരു ന ഇമിഷം കൊണ്ട് ഉടഞ്ഞ്-
''നഗരം' എന്ന് പേര് മാറിയത്.
എല്ലാവരും ഓര്‍മ്മയില്‍ നിന്നി പോലും മാഞ്ഞു പോയത്....
പച്ചപ്പ് മാഞ്ഞു എല്ലാ ഭാഷയും നിറം ഇല്ലാതായത്....
ഓരോ കല്ലും ശിലയെ മറന്നത്
ഓരോ കഥയും ഭാഷ മറന്നത്
ഓരോ മഴത്തുള്ളിയും ലാവയില്‍ അലിഞ്ഞത്
കാണാതായവരില്‍ ആരെല്ലാം ഉണ്ടാകും
കാക്കകള്‍...കുയിലുകള്‍....കുട്ടികള്‍...
പാമ്പുകള്‍.... പൂമ്പാറ്റകള്‍....ഓണത്തുമ്പികള്‍....
നിറങ്ങള്‍ ഒലിച്ചു പോയി
വൈദ്യുത നൂലാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട
മൃത സ്വപ്നങ്ങളുടെ നഗരമാന് ഞാന്‍
ഉദിക്കുകയോ,അസ്തമിക്കുകയോ ചെയ്യാത്ത
ഒരു സൂര്യന്‍റെ നോട്ടത്തില്‍
ദിനം പ്രതി ഉരുകി ഒലിച്ചു
ഭാഷകള്‍ ശബ്ദങ്ങള്‍ മാറാന്
ഒച്ചകള്‍ ചുണ്ടുകളെ മറന്നു
ശബ്ദങ്ങള്‍ വാക്കുകളെ മറന്നു
കടലുകള്‍ കരയും, ഭൂമി ആകാശത്തെയും മറന്നു,..
നിറങ്ങള്‍ ഇല്ലാത്ത ഒരു മഴവില്ല്
ഇന്ന് എനിക്ക് സമ്മാനിക്കപ്പെടും
അതുടുത്ത്, നഗ്നയായി ഞാന്‍
ഓര്‍മ്മകള്‍ നഷ്ട്ടപ്പെട്ട നഗരമായി നില്‍ക്കും
ആദിയോ അന്തമോ ഇല്ലാത്ത
ഒരു കവിതയുടെ വക്കത്ത്