പുത്രന്‍

കുറ്റവിചാരണക്ക് ഇനി അവന്‍ കൊടുമുടികള്‍ അലയില്ല
കുപ്പി ചില്ലുകള്‍ക്കിടയില്‍ കുരുന്നു വാ പിളര്‍ത്തി
അവന്‍ കുമ്പസാരിച്ചു കിടപ്പാണ്
ദൂരങ്ങള്‍ വേഗം ഓടി മടങ്ങിയ സമയ സൂചി തകര്‍ത്തു
അവന്‍ ഇനി അലയില്ല

മഞ്ഞു മലകള്‍ ഉടഞ്ഞു ചുരന്ന നിന്റെ മനസ്സിന് മുഖം തിരിഞ്ഞു
അവന്‍ ഇനി എരിയില്ല
പ്രണയിനികള്‍ക്കു മുഖം കൊടുക്കാതെ ബലി പീടങ്ങള്‍
ചുംബിച്ചു ....അഗ്നിയുമായി അവന്‍ വരും
കടമായ് ജീവന്‍ കുടിയേറിയ ഉടലുകള്‍ ഇനി
കൊടിയ ദുഃഖങ്ങള്‍ വെടിയണം
അവനില്‍ ആരോ കത്തിച്ച വഹ്നി അണക്കുവാന്‍
അനശ്വരമായ ഒരു ചുംബനത്തിനു കഴിയണം

വീട് ഉറങ്ങുകയാണ്
ലോകവും
ഉടല്‍ വിട്ടു അകന്ന
,ഉയിര് കാക്കുന്ന
നിനക്ക്
അവന്റെ മനോരാജ്യങ്ങളെ ചങ്ങലക്കിടാന്‍ ആകുമോ?
കാലം പാപത്തിന്റെ ഇടം കൈയ്യാല്‍ അവനെ തഴുകി ഉറക്കട്ടെ
നിന്റെ അദൃശ്യ വാല്സല്യങ്ങളില്‍ ബലിച്ചോര വീഴ്ത്തിയ
ഒരു കുഞ്ഞാടായി അവന്‍ ഉറങ്ങട്ടെ

ആയിരം മന്ത്രം ഓതി പഠിപ്പിച്ചിട്ടും
ഉച്ചരിക്കപ്പെടാത്ത വാക്കിനു വേണ്ടി ആണ്
അവന്‍ നിന്നെ ഉപേക്ഷിച്ചത്
അക്ഷ്ഓവനികള്‍ക്കിടയില്‍ നിന്ന് അവന്‍ അത് കണ്ടെടുക്കുക്ക തന്നെ ചെയ്യും

ഭാവിയിലേക്ക് കവിത ശര്തിച്ചു മുടന്തിയ അവന്‍ ....
കത്തുന്ന കണ്ണില്‍ ഒരു മഞ്ഞു കാത്ത അവന്‍ .....
വേഗങ്ങളില്‍ ഒതുങ്ങുന്ന മനസ്സ് നിനക്കായ് മാറ്റി വച്ച അവന്‍

ഇതാണോ ഉയിര്തെഴുന്നെല്പ്പില്‍ അവനെ കാക്കുന്നത്?
എങ്കിലും നിന്റെ ചൂണ്ടു വിരലില്‍ മുറുക്കിയ കയ്യ്
അവന്റെത്‌ തന്നെ
നീ ഊര്‍ന്നു ഇറങ്ങുക....
മലയാടിവാരത്തിലേക്ക്
തണുത്ത വിരലുകള്‍ ഇനിയും തണുക്കും വരെ
മരിച്ച ചുണ്ടുകള്‍ ഇനിയും മരിക്കും വരെ
കവിത പൂട്ടി കെട്ടിയ മനസ്സുമായി
മറ്റൊരു കുരിശു മരണത്തില്‍ നിന്ന്
ഇനി ആരും അവനെ വിളിച്ചു ഉണര്താതിരിക്കാന്‍